ഇക്കളി തീക്കളി സിപിഎമ്മേ: കാരിത്തോട്ടയിലെ കള്ളവോട്ട് ആരോപണത്തില്‍ നിയമനടപടിയുമായി മെഴുവേലി പഞ്ചായത്തംഗം ശുഭാനന്ദന്‍: ആറന്മുള ഉപവരണാധികാരിക്ക് അടക്കം വക്കീല്‍ നോട്ടീസ്

0 second read
Comments Off on ഇക്കളി തീക്കളി സിപിഎമ്മേ: കാരിത്തോട്ടയിലെ കള്ളവോട്ട് ആരോപണത്തില്‍ നിയമനടപടിയുമായി മെഴുവേലി പഞ്ചായത്തംഗം ശുഭാനന്ദന്‍: ആറന്മുള ഉപവരണാധികാരിക്ക് അടക്കം വക്കീല്‍ നോട്ടീസ്
0

പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ബൂത്ത് നമ്പര്‍ 144 ല്‍ മരിച്ചു പോയയാളുടെ വോട്ട് മാറി ചെയ്ത സംഭവത്തില്‍ തന്നെ പ്രതിയാക്കി കേസ് എടുത്ത നടപടിക്കെതിരേ വാര്‍ഡ് അംഗം സി.എസ്. ശുഭാനനന്ദന്‍ രംഗത്ത്. തനിക്കെതിരേ പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി, കേസെടുക്കാന്‍ ഉത്തരവിട്ട ആറന്മുള ഉപവരണാധികാരി, ഇലവുംതിട്ട എസ്എച്ച്ഓ എന്നിവര്‍ക്കെതിരേ ശുഭാനന്ദന്‍ അഡ്വ. വി.ആര്‍. സോജി മുഖേനെ വക്കീല്‍ നോട്ടീസ് അയച്ചു. കള്ളപ്പരാതിയില്‍ എടുത്ത കള്ളക്കേസ് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും സമൂഹമധ്യത്തില്‍ താന്‍ കള്ളനായെന്നും ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത തന്നെ സിപിഎമ്മും അവരുടെ ചൊല്‍പ്പടിയിലുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയെന്നും ആരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കഥ മെനഞ്ഞ് തന്നെ സമൂഹത്തില്‍ നാണം കെടുത്തിയവര്‍ക്കെതിരേ ഡാമേജ് സ്യൂട്ട് ഫയല്‍ ചെയ്യുമെന്ന് ശുഭാനന്ദന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ശുഭാനന്ദന്‍ ബി.എല്‍.ഓ അമ്പിളിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍. അമ്പിളിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ശുഭാനന്ദനെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 41 (എ) പ്രകാരം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ പോലീസ് വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയുമാണ്.

വീട്ടിലെത്തിയുള്ള വോട്ടിങിന് അപേക്ഷ സ്വീകരിച്ചതും അത് പോളിങ് ഉദ്യോഗസ്ഥര്‍ക്ക്് നല്‍കിയതും ബി.എല്‍.ഓ അമ്പിളിയാണ്. അവരാണ് മരിച്ചു പോയ അന്നമ്മ ജോര്‍ജിന്റെ പേരില്‍ മരുമകള്‍ അന്നമ്മ മാത്യുവിനായി അപേക്ഷ നല്‍കിയത്. ഇത് തനിക്ക് പറ്റിയ തെറ്റാണെന്ന് അവര്‍ മൊഴി നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതും വോട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതും ആളു മാറാതെ നോക്കേണ്ടതും പോളിങ് ഓഫീസര്‍മാരുടെ കടമയാണ്. അവരുടെ വീഴ്ച മറയ്ക്കാന്‍ വേണ്ടി സ്ഥഥലത്ത് പോലുമില്ലാതിരുന്ന പഞ്ചായത്തംഗത്തെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. നിലവില്‍ നാട്ടില്‍ മുഴുവന്‍ ശുഭാനന്ദന്‍ കള്ളവോട്ട് ചെയ്ത ആളായിട്ടാണ് അറിയപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ അദ്ദേഹം ആ സ്ഥലത്ത് ഇല്ലായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അടക്കമാണ് പോളിങ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കാനെത്തിയത്.

അവിടെ നടന്ന കാര്യങ്ങള്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അപേക്ഷ ഏല്‍പ്പിക്കുക എന്നത് മാത്രമാണ് ബി.എല്‍.ഓയുടെ ചുമതല. ബാക്കി കാര്യങ്ങള്‍ നോക്കി വോട്ടിങ്ങിന് അനുമതി കൊടുക്കേണ്ടത് പോളിങ് ഉദ്യോഗസ്ഥരാണ്. 66 വയസുള്ള അന്നമ്മ മാത്യു, മരിച്ചു പോയ 94 വയസുള്ള അന്നമ്മ ജോര്‍ജിന്റെ വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് നോക്കേണ്ടിയിരുന്നതും പോളിങ് ഉദ്യോഗസ്ഥരാണ്. ഗുരുതരമായ വീഴ്ച ഇവരുടെ ഭാഗത്ത് നിന്ന് വന്നു. അത് മറയ്ക്കാന്‍ വേണ്ടി ആറന്മുള മണ്ഡലത്തിലെ ഉപവരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) ഒരു പുതിയ ഗൂഢാലോചന തിയറി ഉണ്ടാക്കുകയാണ് ചെയ്തത്.

മെഴുവേലി പാലയ്ക്കംപൊയ്കയില്‍ വീട്ടില്‍ സി.കെ.ജയ എന്നയാള്‍ ശുഭാനന്ദന്‍ കളളവോട്ട് ചെയ്യുന്നതിന് ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് പരാതി ജില്ലാ കലക്ടര്‍ക്ക് നല്‍കുകയായിരുന്നു. അത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ആറന്മുള മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് കഴിഞ്ഞ 21 ന് നിര്‍ദ്ദേശം നല്‍കി. പരാതിയില്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് പോലും നോക്കാതെ ഉപവരണാധികാരി ഇതു സംബന്ധിച്ച് കേസ് എടുക്കുവാന്‍ ആവശ്യപ്പെട്ട് ഇലവുംതിട്ട എസ്.എച്ച്.ഒ.യ്ക്ക് ഇ.മെയിലില്‍ പരാതി അയച്ചു കൊടുക്കുകയായിരുന്നു. പരാതി കിട്ടിയതിന് പിന്നാലെ മറ്റൊന്നും നോക്കാതെ എസ്.എച്ച്.ഓ കേസ് എടുക്കുകയും ചെയ്തു. ബൂത്ത് ലെവര്‍ ഓഫീസറായ പി. അമ്പിളിയെ ഒന്നാം പ്രതിയാക്കിയും പഞ്ചായത്ത് മെമ്പര്‍ ശുഭാനന്ദനെ രണ്ടാം പ്രതിയാക്കിയും എടുത്ത കേസ് നിയമപര മായി നിലനില്‍ക്കാത്തതും ആറന്മുള അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ അധികാര ദുര്‍വിനിയോഗവുമാണെന്ന് അഡ്വ. വി.ആര്‍. സോജി പറഞ്ഞു.

ഉപവരണാധികാരി, ഇലവുംതിട്ട എസ്.എച്ച്.ഓ, പരാതിക്കാരിയായ സി.കെ. ജയ എന്നിവര്‍ക്കെതിരേ ഡാമേജ് സ്യൂട്ട് ഫയല്‍ ചെയ്യും. പരാതിക്കാരിയായ ജയ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, ഇലവുംതിട്ട എസ്.എച്ച്.ഓ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. ഇത് കൃത്യവിലോപമാകയാല്‍ നിയമപരമായ സംരക്ഷണത്തിന് ഇവര്‍ക്ക് അര്‍ഹതയില്ല. ജയയുടെ പരാതിയില്‍ പറയാത്ത കാര്യങ്ങളാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുളളത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കുന്ന കേസിനു മുന്നോടിയായി സിവില്‍ നടപടിക്രമം അനുസരിച്ചുളള നോട്ടീസ് ഇന്നു തന്നെ അയയ്ക്കുമെന്ന് കോണ്‍ഗ്രസ് മെഴുവേലി മണ്ഡലം പ്രസിഡന്റ് സജി വട്ടമോടി, കെ.കെ.ജയിന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി എന്നിവര്‍ പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…