മിനി ജിജു ജോസഫ് മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ്: വോട്ടെടുപ്പില്‍ വെളിവായത് കോണ്‍ഗ്രസിലെ വിഭാഗീയത: എതിര്‍ സ്ഥാനാര്‍ഥിക്ക് കിട്ടിയത് സ്വന്തം വോട്ടുമാത്രം

2 second read
Comments Off on മിനി ജിജു ജോസഫ് മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ്: വോട്ടെടുപ്പില്‍ വെളിവായത് കോണ്‍ഗ്രസിലെ വിഭാഗീയത: എതിര്‍ സ്ഥാനാര്‍ഥിക്ക് കിട്ടിയത് സ്വന്തം വോട്ടുമാത്രം
0

കോഴഞ്ചേരി: മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ മിനി ജിജു ജോസഫും വൈസ് പ്രസിഡന്റായി സിപിഎമ്മിലെ വത്സല വാസുവും തെരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം മൂന്ന് വര്‍ഷത്തോളം പ്രസിഡന്റായിരുന്ന സ്വതന്ത്രാംഗം എസ്. ഉഷാ കുമാരി രാജി വച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വൈസ്
പ്രസിഡന്റായിരുന്ന  സിപിഎമ്മിലെ പ്രദീപ് കുമാറുംം ധാരണ പ്രകാരം രാജി വച്ചിരുന്നു. മൂന്ന് അംഗങ്ങളുള്ള കോണ്‍ഗ്രസിലെ മേഴ്‌സി സാമുവേല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്  മത്സരിച്ചെങ്കിലും സ്വന്തം വോട്ട് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് അംഗങ്ങളായ ഷിബു കഞ്ഞിക്കലിന്റെയും റോസമ്മ
മത്തായിയുടെയും വോട്ടുകള്‍ അസാധുവായത് പാര്‍ട്ടിക്ക് നാണക്കേടായി. ബാലറ്റ് പേപ്പറിന്റെ പുറകില്‍ ഇരുവരും കൃത്യമായി രേഖപ്പെടുത്തലുകള്‍ നടത്താത്തതാണ് അസാധു ആകാന്‍ കാരണം. എന്നാല്‍ മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന വിഭാഗീയതയാണ് സ്ഥിരം സമതി അധ്യക്ഷ കൂടി ആയ മേഴ്‌സിക്ക് വോട്ട് കുറയാന്‍ കാരണമായി പറയുന്നത്.

വൈസ് പ്രസിഡന്റായി മത്സരിച്ച കോണ്‍ഗ്രസിലെ ഷിബുവിന് മൂന്ന് വോട്ടുകള്‍ ലഭിക്കുകയും ചെയ്തു. സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് എസ് ഉഷാ കുമാരി ഇരു വോട്ടിങ്ങില്‍ നിന്നും വിട്ടു നിന്നു. സ്വതന്ത്ര ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം മറ്റൊരു മുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നത് അയോഗ്യതക്ക് കാരണമാകും എന്നതിനാലാണ് മാറി നിന്നതെന്ന് അവര്‍ പറഞ്ഞു.
മൂന്ന് അംഗങ്ങളുള്ള ബിജെപിയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇടത് മുന്നണിയില്‍ സിപിഎം -4, സിപിഐ-2, സ്വതന്ത്ര-1 എന്നിങ്ങനെ ആണ് കക്ഷി നില. പ്രതിപക്ഷത്ത് കോണ്‍ഗ്രസിനും ബിജെപിക്കും 3 അംഗങ്ങള്‍ വീതമാണുള്ളത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…