പത്തനംതിട്ട: സിമെന്റ് മിക്സിങ് മെഷിന് കയറ്റി വന്ന ലോറി
ഇറക്കത്തില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. മഒരാളുടെ കൈ അറ്റുപോയി. അഞ്ചു പേര്‍ക്ക് ഗുരുതരപരുക്ക്. അയിരൂര്‍ കാഞ്ഞീറ്റുകര റോഡില്‍ പൊന്മലയിലേക്ക് തിരിയുന്ന ഭാഗത്താണ് വ്യാഴം വൈകിട്ട് നാലരയോടെ അപകടം ഉണ്ടായത്. ബംഗാള്‍ സ്വദേശി സജാവൂര് റഹ്മാനാണ് മരിച്ചത്.
തടിയൂര്‍ ഭാഗത്തു നിന്നും കോണ്‍ക്രീറ്റ് കഴിഞ്ഞു തൊഴിലാളികളും മിക്സിങ് മെഷീനുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 13 പേരാണ് മിനി ലോറിയില്‍ ഉണ്ടായിരുന്നത്. പൊന്മല ഭാഗത്തെ വളവിലെ ഇറക്കത്തില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിടുകയും വലതു ഭാഗത്തെ തിട്ടയില്‍ ഇടിച്ച ശേഷം ഇടതു ഭാഗത്തെ കുഴിയിലേക്ക് മറിയുകയും ആയിരുന്നു എന്ന് പറയുന്നു.
എന്നാല്‍ തിരക്ക് കുറഞ്ഞ ഈ ഭാഗത്തുണ്ടായ അപകടം നേരില്‍ കണ്ടവരില്ലെന്നും പറയുന്നുണ്ട്. വലിയ ശബ്ദം കേട്ട് സമീപ വാസികള്‍
ഓടിയെത്തിയപ്പോഴുണ് അപകടം അറിയുന്നത്. ലോറി മറിഞ്ഞതോടെ ഇതിന്റെ മുകളില്‍ ഉണ്ടായിരുന്ന മിക്സിങ് മെഷിനും വീണു. ഇതിന് അടിയില്‍ പെട്ടാണ് തൊഴിലാളിക്ക് ദാരുണ മരണം സംഭവിച്ചത്. ലോറിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും താഴെ കുഴിയില്‍ ലോറിക്ക് അടിയിലേക്കും വശങ്ങളിലേക്കും വീണു. ഇതില്‍ ലോറിക്കും മിക്സിങ് മെഷിനും അടിയില്‍ പെട്ടവര്‍ക്കാണ് കൂടുതല്‍ പരുക്കുണ്ടായിരിക്കുന്നത്.
തമിഴ്നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്
വാഹനത്തില്‍ ഉണ്ടായിരുന്നത്.കോയിപ്പുറം പോലീസും അഗ്നി ശമന സേനയും സ്ഥലത്തെത്തി നാട്ടുകാര്‍ക്കൊപ്പം രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി. പൂര്‍ണമായും നിയമം ലംഘിച്ചായിരുന്നു വാഹനം ഓടിച്ചതെന്ന് പോലീസ് പറയുന്നു. വേണ്ടത്ര മുന്‍ കരുതല്‍ എടുക്കാതെയും നിയമം ലംഘിച്ചുമാണ് മിക്സിങ് മെഷിന് ലോറിയില്‍ കയറ്റി കൊണ്ടുപോയത്.ഇത്തരം വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലുണ്ട്.ലോറിക്ക് മുകളില്‍ യാത്രക്കാരെ കയറ്റുന്നതും നിയമ ലംഘനമാണെന്നും പോലീസ് പറയുന്നു.