പത്തനംതിട്ട: എസ്.വൈ.എസ് മാനവ സഞ്ചാരത്തിന് ജില്ലയില്‍ സ്വീകരണം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാനവ സഞ്ചാരം പ്രഭാത നടത്തത്തോടെയാണ് ജില്ലയില്‍ പ്രയാണം ആരംഭിച്ചത്.
തിരുവല്ല,അടൂര്‍,പത്തനംതിട്ട സോണ്‍ കേന്ദ്രങ്ങളില്‍ നടന്ന ‘ഏര്‍ളി ബേര്‍ഡ്’ പ്രഭാത നടത്തത്തിന് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളും യുവജനങ്ങളും ഉള്‍പ്പെടെയുള്ള നിരവധിപേര്‍ നടത്തത്തില്‍ അണിചേര്‍ന്നു. വൈകിട്ട് പത്തനംതിട്ട നഗരത്തില്‍ നടന്ന മാനവ സൗഹൃദ നടത്തത്തില്‍ വിവിധ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിചേര്‍ന്നു. നഗരസഭ ഹാളില്‍ നടന്ന മാനവ സംഗമം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
കേരളം ദൈവത്തിന്റെ നാട് എന്ന് വിളിക്കുന്നത് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാതൃകാപരമായ സാഹോദര്യവും സമഭാവനയും കൊണ്ടാണ്. എല്ലാ മതവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന നാടാണ് നമ്മുടേതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ നാടിന് ഒരു പുരോഗമന സ്വഭാവമുണ്ട്. മതേതരമായ ആ പുരോഗമന സ്വഭാവം നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. എന്നാല്‍ അവയില്‍ വിള്ളല്‍ വീഴ്ത്തുന്ന സങ്കുചിത ചിന്തകള്‍ വളര്‍ന്നു വരുന്നത് ആശങ്കപ്പെടുത്തുകയാണ്. രാജ്യത്ത് മതനിരപേക്ഷതക്ക് എസ് വൈ എസും കാന്തപുരം ഉസ്താതും നല്‍കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാര്‍ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. കെ.യു.ജെനിഷ് കുമാര്‍ എം.എല്‍.എ, പ്രമോദ് നാരായണന്‍ എം.എല്‍.എ, ഫാ.ഡോ സാമുവല്‍ മാര്‍ ഐറേനിയോസ്, താന്ത്രികചാര്യന്‍ മനോജ് വി. നമ്പൂതിരി, ഫാ. യോഹന്നാന്‍ ശങ്കരത്തില്‍, നഗരസഭ കൗണ്‍സിലര്‍ കെ. ജാസിം കുട്ടി, ഡോ.പുനലൂര്‍ സോമരാജന്‍, എം.എച്ച്.ഷാജി,നിസാര്‍ നൂര്‍മഹല്‍, അഫ്‌സല്‍ പത്തനംതിട്ട, അഡ്വ.ബിജു മുഹമ്മദ്, അന്‍സില്‍ മുഹമ്മദ്, തോമസ് ജോസഫ്, മുത്തലിബ് കോന്നി, അനസ് പൂവാലം പറമ്പില്‍, എന്‍ എം സാദിഖ് സഖാഫി, കെ അബ്ദുല്‍ കലാം, ഉമര്‍ ഓങ്ങല്ലൂര്‍, അബ്ദുറഷീദ് സഖാഫി മെരുവമ്പായി, സയ്യിദ് ബാ ഫഖറുദ്ദീന്‍ ബുഖാരി,ഡോ അലി അല്‍ ഫൈസി, സ്വലാഹുദ്ദീന്‍ മദനി, മുഹമ്മദ് അന്‍സാര്‍ ജൗഹരി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.മുഹമ്മദ് അശ്ഹര്‍,സെക്രട്ടറി സുധീര്‍ വഴിമുക്ക് എന്നിവര്‍ പ്രസംഗിച്ചു.
മാനവ സഞ്ചാരത്തിന്റെ ഭാഗമായി സംരംഭക സംഗമം, യുവജനപ്രസ്ഥാന നേതാക്കളുടെ ടേബിള്‍ ടോക്ക്, മാധ്യമ വിരുന്ന്, പ്രാസ്ഥാനിക സംഗമം തുടങ്ങിയവ നടന്നു. കൂടാതെ പത്തനംതിട്ട സീറോ മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ആബൂന്‍ സാമുവേല്‍ മാര്‍ ഐ റേനിയസ് മെത്രോ പോലീത്ത ഉള്‍പ്പെടെയുള്ള മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായി എസ് വൈ എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.