ആറന്മുള: കാണാതായ വീട്ടമ്മയെ ഒരു മാസത്തിന് ശേഷം പോലീസ് കണ്ടെത്തി. ഇലന്തൂര്‍ പൂക്കോട് മേട്ടയില്‍ വീട്ടില്‍ അയ്യപ്പന്റെ ഭാര്യ പുഷ്പ(55)യെയാണ് ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞ 15 ന് രാവിലെ എട്ടരയ്ക്ക് ശേഷം വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. 17 ന് ആറന്മുള പോലീസ് സേ്റ്റഷനില്‍ ഭര്‍ത്താവ് പരാതി നല്‍കി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക സംഘം ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും എല്ലാ പോലീസ് സേ്റ്റഷനുകളിലും വിവരം കൈമാറുകയും ചെയ്തിരുന്നു.
പത്തനംതിട്ട, റാന്നി തുടങ്ങിയ സ്ഥലങ്ങളിലും ജില്ലയ്ക്ക് പുറത്തും ആളുകള്‍ പലയിടങ്ങളിലും കണ്ടതായി വിവരം ലഭിച്ച പ്രകാരം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചും വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് തണ്ണിത്തോട്ടില്‍ നിന്നും കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്നും തണ്ണിത്തോട്ടില്‍ ഒരു വീട്ടില്‍ ജോലി ചെയ്തു
വരികയായിരുന്നെന്നും മറ്റും പോലീസിനോട് ഇവര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് തണ്ണിത്തോട്ടിലെ വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. അവിടെ പ്രായമായ സ്ത്രീയെ പരിചരിക്കുന്ന ജോലിയിലായിരുന്നു ഇവര്‍. അന്വേഷണസംഘത്തില്‍ ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍, എസ്.ഐ അലോഷ്യസ്, എസ്.സിപി.ഓ അനില്‍, സി.പി.ഓമാരായ ജിതിന്‍, സെയ്ഫുദീന്‍, അപര്‍ണ്ണ എന്നിവരാണ് ഉണ്ടായിരുന്നത്.