മല്ലപ്പള്ളി: നാടു മുഴുവന്‍ നടന്ന് പണം കടം വാങ്ങി മൊബൈല്‍ ഫോണും ഓഫ് ചെയ്ത് മുങ്ങിയ യുവാവിനെ ഒരു വര്‍ഷത്തിന് ശേഷം പൊലീസ് ഗുജറാത്തില്‍ നിന്ന് കണ്ടെത്തി. കോട്ടാങ്ങല്‍ പാടിമണ്‍ കോലമല വീട്ടില്‍ സാജന് തോമസി(38)നെയാണ് പെരുമ്പെട്ടി പോലീസ് ഗുജറാത്ത്-രാജസ്ഥാന് അതിര്‍ത്തിയായ രാധന്‍പൂരില്‍ കണ്ടെത്തി നാട്ടിലെത്തിച്ചത്.
നാട്ടില്‍ നിരവധിയാളുകളില്‍ നിന്നും പണം കടം വാങ്ങുകയും തിരികെ നല്‍കാതെ ഒളിവില്‍ പോകുകയുമായിരുന്നു. വീട്ടുകാര്‍ ഇയാളെ കാണാതായതായി പെരുമ്പെട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ യുവാവ് സംസ്ഥാനം വിട്ടതായി സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാളെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ ജോലി ചെയ്തിരുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, ജില്ലാ പോലീസ് മേധാവി മുഖേന അവിടുത്തെ
പോലീസുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഗുജറാത്ത്-രാജസ്ഥാന് അതിര്‍ത്തിയായ രാധന്‍ പൂരില്‍ കണ്ടെത്തുകയുമായിരുന്നു. യുവാവ് ഇവിടെയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഇന്‍പെക്ടര്‍ എം ആര് സുരേഷിന്റെ നിര്‍ദ്ദേശാനുസരണം എസ് ഐ സുമേഷ്, സി പി ഓമാരായ അജീഷ് കുമാര്‍, സുനില്‍ കുമാര്‍ എന്നിവരുടെ സംഘം രാധന്‍പൂരിലെത്തി പിടികൂടി.
ഇയാളെ പിടികൂടിയതറിഞ്ഞ് പണം തിരികെ കിട്ടാത്തവരുടെ പരാതികള്‍ പെരുമ്പെട്ടി പോലിസ് സ്റ്റേഷനില്‍ ലഭിക്കുന്നുണ്ട്. പരാതികളില്‍ തുടര്‍
നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പണം കടം വാങ്ങിയത് സുഹൃത്തിനു വേണ്ടിയാണെന്നും, അയാള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സുഹൃത്തുമായി പങ്കു കച്ചവടം നടത്തിയിരുന്നുവെന്നും സാജന് തോമസ് പോലീസിനോട് പറഞ്ഞു. ഇതിനെ പറ്റി പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. യുവാവിനെ കോടതിയില്‍ ഹാജരാക്കി.