കോഴഞ്ചേരി: പൊലീസിനെ കണ്ട് പരുങ്ങിയ സ്ഥിരം മോഷ്ടാവ് പിടിയിലായി. പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് കക്ഷി മോഷ്ടാവാണെന്നും നിലവില്‍ നാലു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു നില്‍ക്കുകയാണെന്നും മനസിലായത്.
കടപ്ര മാന്നാര്‍ ഇളമത മഠത്തില്‍ വീട്ടില്‍ നിന്നും കോയിപ്രം കുമ്പനാട് ജസ്റ്റ് ഹോട്ടലില്‍ താമസിക്കുന്ന സാജന്‍ തോമസ് (36) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. കുമ്പനാട്-ആറാട്ടുപുഴ റോഡില്‍ കരീലമുക്കില്‍ എസ്ബിഐ എടിഎമ്മിനടുത്തു നിന്നാണ് എസ്.ഐ എസ്. ഷൈജുവും സാജനെ കസ്റ്റഡിയില്‍ എടുത്തത്. ഷോള്‍ഡര്‍ ബാഗുമൊക്കെ തൂക്കി എക്‌സിക്യൂട്ടീവ് സ്‌റ്റൈലില്‍ നിന്ന ഇയാള്‍ പൊലീസ് പട്രോളിങ് വാഹനം കണ്ട് പരിഭ്രമിച്ച് എടിഎം കൗണ്ടറില്‍ കയറാതെ റോഡു വക്കില്‍ വച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ കയറിപ്പോകാന്‍ ശ്രമിച്ചു. പൊലീസിന് വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമവും നടത്തി. ചോദ്യം ചെയ്തപ്പോള്‍ സ്ഥലപ്പേര് മാറ്റിപ്പറഞ്ഞു.
കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പേരും വിലാസവും പറഞ്ഞ ഇയാള്‍, എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ വന്നതാണെന്ന് അറിയിച്ചു. പക്ഷെ കാര്‍ഡ് കൈവശമില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. സാധനം വാങ്ങാന്‍ വന്നതാണെന്നും ജോലിക്ക് പോകുകയാണെന്നുമൊക്കെ പരസ്പരവിരുദ്ധമായി സംസാരിക്കുകയും, മോട്ടോര്‍ സൈക്കിള്‍ സ്വന്തമാണെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഉള്ളിലെ അറയില്‍ നിന്നും വിവോ കമ്പനിയുടെ രണ്ടുഫോണുകളും റിയല്‍മി കമ്പനി നിര്‍മിതമായ രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തത്.
കൂടുതല്‍ വിശദമായി ചോദിച്ചപ്പോള്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. ഫോണുകള്‍ രണ്ടു വീതം ചങ്ങനാശേരിയിലും കോഴിക്കോട്ടും നിന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. രണ്ടുമാസം മുമ്പ് വൈകിട്ട് ചങ്ങനാശേരി സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ജീവനക്കാര്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട കാബിനില്‍ നിന്നും രണ്ട് ഫോണും, മറ്റുള്ളവ കോഴിക്കോട് നിന്നും മോഷ്ടിച്ചവയാണെന്നാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് പ്രതിയുമായി ചങ്ങനാശേരി ബസ് സ്റ്റാന്‍ഡില്‍ തെളിവെടുപ്പ് നടത്തി. എന്നാല്‍ ക്യാബിന്‍ വൈകിട്ട് മൂന്നിന് പൂട്ടുമെന്നും അവിടെ നിന്നും ആരുടെയെങ്കിലും ഫോണ്‍ പോയതായി അറിവില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. പിന്നീട്, ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിന് ആ കാലയളവില്‍ കേസെടുത്തിട്ടില്ലെന്ന് വെളിപ്പെടുകയും ചെയ്തു. പോലീസിനെ വഴിതെറ്റിക്കാന്‍ പ്രതി മനഃപൂര്‍വം കള്ളം പറയുകയാണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ഈ ഫോണുകളുടെ ഉടമകളെ കണ്ടെത്താന്‍, ഇവയുടെ ഐ എം ഇ ഐ നമ്പരുകള്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന് കൈമാറി. പുളിക്കീഴ് പോലീസ് സ്‌റ്റേഷനിലും, സംസ്ഥാനത്തെ മറ്റു ചില സ്‌റ്റേഷനുകളിലുമായി പ്രതിയുടെ പേരില്‍ 11 മോഷണക്കേസുകള്‍ നിലവിലുണ്ട്. ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 2011 മുതല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണിവ. പുളിക്കീഴിനു പുറമെ, കൊരട്ടി, ആലപ്പുഴ സൗത്ത്, തലയോലപ്പറമ്പ്, ചേര്‍ത്തല, ഫറോക്ക്, തൃശൂര്‍, കോട്ടക്കല്‍ എന്നീ പോലീസ് സ്‌റ്റേഷനുകളിലാണ് മോഷണക്കേസുകളുള്ളത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് നീക്കം. തിരുവല്ല ഡി വൈ എസ് പി അഷാദിന്റെ മേല്‍നോട്ടത്തില്‍, കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തില്‍ എസ് ഐ മാരായ ഷൈജു, ഉണ്ണികൃഷ്ണന്‍, ഇ എസ് ഐമാരായ ബിജു, സുധീഷ്, എസ് സി പി ഓ അഭിലാഷ് എന്നിവരാണുള്ളത്.