തൃശൂര്‍: എന്റെ അമ്മമാരേ, സഹോദരിമാരേ ഓരോ വിഷയം അവതരിപ്പിച്ച് പ്രസംഗിച്ചപ്പോഴൂം മോദിയുടെ അഭിസംബോധന ഇങ്ങനെ ആയിരുന്നു. ആയിരങ്ങള്‍ ആവേശം കൊണ്ട് കൈയടിച്ചു. ഭാരതകേസരി മന്നത്ത പദ്മനാഭന്റെ ജയന്തിയെക്കുറിച്ചും മോഡി സ്മരിച്ചു. വടക്കുംനാഥന്റെ മണ്ണിലെത്തിയത് അനുഗ്രഹമാണ്. സ്ത്രീകളുടെ സവിശേഷതകളില്‍ ഊന്നിയായിരുന്നു പിന്നീടുള്ള പ്രസംഗം. കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാന്‍, റോസമ്മ പുന്നൂസ് തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളടക്കം ഒട്ടേറെ ധീരവനിതകള്‍ക്ക് ജന്മം നല്‍കിയതാണ് കേരളം. ദേശീയ അവാര്‍ഡ് നേടിയ ആദിവാസി നഞ്ചിയമ്മ, അഞ്ജു ബോബി ജോര്‍ജ്, പി.ടി. ഉഷ തുടങ്ങിയവരെയും സൃഷ്ടിച്ച നാടാണ്.
തുടര്‍ന്ന് സ്ത്രീശാക്തീകരണത്തിനായി മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നതിന് നാരീശക്തി നിയമമാക്കി. മുസ്ലിം സ്ത്രീകളുടെ മോചനത്തിനായി മുത്തലാഖ് നിയം കൊണ്ടുവന്നു. സ്ത്രീകള്‍ക്കായി സബ് സിഡി നിരക്കില്‍ പാചകവാത വിതരണം, 12 കോടി കുടുംബങ്ങള്‍ക്ക് ശുചിമുറി തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയത് മോദിയുടെ ഗ്യാരന്റിയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം, പ്രധാനമന്ത്രി വിശ്വര്‍മ യോജനയിലൂടെ സ്ത്രീകള്‍ക്ക് ഉന്നമനം, അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരനാണ് മോദിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.