
ശബരിമല: തനിക്കും മമ്മൂട്ടിക്കും വേണ്ടി ശബരിമലയില്‍ വഴിപാടിന് ടിക്കറ്റ് എടുത്ത് നടന്‍ മോഹന്‍ലാല്‍. രാത്രി എട്ടുമണിയോടെയാണ് മോഹന്‍ലാല്‍ നേരിട്ടെത്തി 1500 രൂപ ദേവസ്വം ഓഫിസില്‍ അടച്ച് മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രത്തില്‍ ഇന്നത്തെ ഉഷപൂജയ്ക്ക് ടിക്കറ്റ് എടുത്തത്. മോഹന്‍ലാല്‍ രേവതി നക്ഷത്രത്തിലും ഉഷപൂജ ടിക്കറ്റ് എടുത്തിട്ടുണ്ട്. നാളെ രാവിലെ 7.30നാണ് ഉഷപൂജ വഴിപാട് നടക്കുക.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം സന്നിധാനത്ത് ചൊവ്വാഴ്ച എത്തിയത്. മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോഹന്‍ലാല്‍ അയ്യപ്പനെ കാണാന്‍ എത്തിയിരിക്കുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
പമ്പയില്‍ എത്തിയ മോഹന്‍ലാല്‍ ഇരുമുടി കെട്ടി മല ചവിട്ടുകയായിരുന്നു. ഒന്നര മണിക്കൂര്‍ കൊണ്ടാണ് താരം സന്നിധാനത്ത് എത്തിയത്. ഭക്തരുടെ തിരക്ക് ഉണ്ടായിരുന്നുവെങ്കിലും ദര്‍ശനം നടത്തിയ അദ്ദേഹം തന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ദേവസ്വം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അടക്കം മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. നാളെ രാവിലെ നിര്‍മാല്യം കൂടി തൊഴുത ശേഷമാകും നടന്‍ മലയിറങ്ങുക.
എമ്പുരാന്റെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ, സിനിമയുടെ പ്രമോഷനും റിലീസും കഴിയുന്നത് വരെ മറ്റു കമ്മിറ്റ്‌മെറ്റുകള്‍ ഒഴിവാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ മാര്‍ച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ല്‍ റിലീസ് ചെയ്!ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.