തൃശൂര്‍: വടക്കന്‍ ജില്ലകളില്‍ കാലവര്‍ഷം കനത്തു. തൃശൂര്‍ നഗരം വെള്ളത്തില്‍ മുങ്ങി. രാവിലെ തുടങ്ങിയകനത്ത മഴ കോര്‍പ്പറേഷന്‍ മേഖലയിലെ ജനജീവിതത്തെ ബാധിച്ചു. മഴയ്ക്ക് പതിനൊന്ന് മണിയോടെ അല്‍പ്പം ശമനം വന്നുവെങ്കിലും വെള്ളം ഒഴുകിപ്പോകാതെ കച്ചവട സ്ഥാപനങ്ങളിലടക്കം നിറഞ്ഞു കിടക്കുന്നു. ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് പെരുമഴ.
പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്. ശക്തന്‍ സ്റ്റാന്‍ഡ്. കൊക്കാലെ, ഇക്കണ്ട വാര്യര്‍ റോഡ്, വടക്കേ സ്റ്റാന്‍ഡ് തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി. നഗര പ്രാന്ത പ്രദേശങ്ങളായ നടത്തറ, മണ്ണുത്തി പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലുള്ള കച്ചവടസ്ഥാപനങ്ങളില്‍ വെള്ളം കയറിയതിനാല്‍ അടച്ചിടേണ്ടിവന്നു. വൈദ്യുതിവിതരണവും തകരാറിലായി. മഴക്കാലത്തിനു മുമ്പ് കാനകള്‍ വൃത്തിയാക്കാത്തതും മണ്ണും മാലിന്യവും നീക്കം ചെയ്യാത്തതും വെള്ളമൊഴുകിപ്പോകാന്‍ തടസ്സമായി.