
പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍മലയോര മേഖലയില്‍ കനത്ത മഴ. ഏതാനും മണിക്കൂറുകള്‍ പെയ്ത മഴയില്‍ മൂഴിയാര്‍ ഡാമില്‍ ജലനിരപ്പുയര്‍ന്നു. ഇതോടെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. വൈകിട്ട് ആറിന് ജലനിരപ്പ് 190 മീറ്ററിന് മുകളിലെത്തിയതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മേഘസ്‌ഫോടനം സംശയിക്കുന്നു.
192.63 മീറ്ററില്‍ ജലനിപപ് എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം കക്കാട്ടാറ്റിലേക്ക് ഒഴുക്കി വിടും. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
കനത്ത മഴ തുടരുന്നതോടെ പമ്പയിലും ജലനിരപ്പ് ഉയരുകയാണ്. നാളെ നടക്കുന്ന ഉതൃട്ടാതി ജലമേളയ്ക്ക് മഴ അനുഗ്രഹമായി. ആറു വര്‍ഷത്തിന് ശേഷം ഉതൃട്ടാതി ജലമേളയില്‍ മത്സര വള്ളംകളി നടക്കുകയാണ്. എന്നാല്‍, പമ്പയില്‍ അസാധാരണമായ നിലയില്‍ ജലനിരപ്പ് താഴ്ന്നതും മണ്‍പുറ്റ് പൊന്തി വന്നതും വള്ളംകളിക്ക് തടസമാകുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ദിവസം തിരുവോണത്തോണി കാട്ടൂരിലേക്ക് പോകുന്നതിന് താഴ്ന്ന ജലനിരപ്പ് തടസമായിരുന്നു. കെട്ടിവലിച്ചാണ് തോണി കൊണ്ടു പോയത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യയ്ക്ക് എത്തുന്ന പള്ളിയോടങ്ങളും ഏറെ ബുദ്ധിമുട്ടി. അതിനാല്‍ പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവില്‍ തന്നെ കെട്ടിയിടുകയാണ് ചെയ്തത്. ഇതിന്റെ അമരത്ത് നിന്ന് കുമിളകള്‍ മോഷണം പോയതും തലവേദനയായി.