തിരുവല്ല: സമൂഹത്തെ ഉദ്ധരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സഭയാണ് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചെന്ന് മാര്‍ത്തോമ്മ സഭ പരമാധ്യക്ഷന്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത പറഞ്ഞു. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷനായി സ്ഥാനമേറ്റ മോറാന്‍ മോര്‍ സാമുവല്‍ തിയോഫിലസ് മെത്രാപ്പോലീത്തയെ അനുമോദിക്കുന്നതിന് വേണ്ടി മോര്‍ അത്തനാസിയോസ് യോഹന്‍ മെമ്മോറിയല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളജ് ആശുപത്രി, വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലൂടെയാണ് സഭ സമൂഹത്തെ ഉദ്ധരിക്കുന്നത്. എക്യുമെനിക്കല്‍ വീക്ഷണമുള്ള സഭ പരിസ്ഥിതി, പ്രകൃതി സ്‌നേഹം നിലനിര്‍ത്തുന്നു. മുന്നുറോളം വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് ഇടയിലാണ് സഭ പ്രവര്‍ത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഏഷ്യയിലെ 12 രാജ്യങ്ങള്‍ക്കു പുറമേ ആഫ്രിക്കയിലെ റുവാണ്ടയിലും ലൈബീരിയയിലും സഭയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. മോര്‍ അത്തനാസിയോസ് യോഹാന്‍ തെളിച്ച വഴിയിലൂടെ സഭയെ നയിക്കാന്‍ പിന്‍ഗാമിക്കും കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ജീവകാരുണ്യ-പരിസ്ഥിതി മേഖലകളില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച സഭയാണ് ബിലീവേഴ്‌സ് എന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ജോണ്‍ മോര്‍ ഐറേനിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, മലബാര്‍ ഇന്‍ഡിപെന്‍ഡന്റ് ചര്‍ച്ച് അധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് പ്രഥമന്‍ മെത്രാപ്പോലീത്ത, മലങ്കര ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സിനഡ് സെക്രട്ടറി തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബിലീവേഴ്‌സ് ചര്‍ച്ച് നോര്‍ത്ത് അമേരിക്ക ആന്‍ഡ് യൂറോപ്പ് ആര്‍ച്ച് ബിഷപ്പ് ദാനിയല്‍ മോര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ, മലങ്കര ജാക്കോബൈറ്റ് സിറിയന്‍ ക്‌നാനായ കമ്യൂണിറ്റി മെത്രാപ്പോലീത്തമാരായ കൂരിയാക്കോസ് മോര്‍ ഗ്രിഗോറിയോസ്, കുരിയാക്കോസ് മോര്‍ ഈവാനിയോസ്, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ കൊല്ലം ബിഷപ്പ് എമിറേറ്റ്‌സ് റവ. ഡോ. ഉമ്മന്‍ ജോര്‍ജ്, മധ്യകേരള ബിഷപ്പ് എമിറേറ്റ്‌സ് റവ. തോമസ് സാമുവല്‍, സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, റവ. ക്ലമന്റ് എറ്റാനില്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വൈസ് പ്രസിഡന്റ് ഡോ. പാക്യം ടി. സാമുവല്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് മാത്യൂസ് മോര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, സഭ സെക്രട്ടറി റവ. ഡാനിയല്‍ ജോണ്‍സന്‍, പി.ആര്‍.ഓ ഫാ. സിജോ പന്തപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരിച്ച ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് മോറാന്‍ മോര്‍ സാമുവല്‍ തിയോഫിലസ് മെത്രാപ്പോലീത്ത തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ദൗത്യമാണ് തനിക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. സത്യത്തില്‍ ഭയമുണ്ട്. എങ്കിലും സഹമെത്രാപ്പോലീത്തമാരും വൈദികരും മറ്റു സഭകളിലെ പിതാക്കന്മാരുമെല്ലാമായി ചേര്‍ന്ന് മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അത്താനാസിയോസ് യോഹാന്‍ തെളിച്ച വഴിയിലൂടെ അദ്ദേഹത്തിന്റെ ദൗത്യം നിറവേറ്റി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ കുറ്റപ്പുഴയില്‍ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മധ്യേയാണ് അദ്ദേഹം സ്ഥാനമേറ്റത്. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ജോണ്‍ മോര്‍ ഐറേനിയോസ് എപ്പിസ്‌കോപ്പയും സഹമെത്രാന്മാരും ചേര്‍ന്ന് കാര്‍മികത്വം വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ ചടങ്ങിന് എത്തിയിരുന്നു.