
തിരുവല്ല: നവജാത ശിശുവിനെ മുഖത്തേക്ക് വെള്ളം ചീറ്റി കൊലപ്പെടുത്തിയ അവിവാഹിതയായ അമ്മ അറസ്റ്റില്‍. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി നീതു (20) ആണ് അറസ്റ്റിലായത്.
ചുമത്രയില്‍ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റലിന്റെ ശുചിമുറിയിലാണ് സംഭവം. ഇതേ ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റായിരുന്നു നീതു. ആശുപത്രിയിലെ മുന്‍ജീവനക്കാരനായ തൃശൂര്‍ സ്വദേശിയില്‍ നിന്നുമാണ് ഗര്‍ഭം ധരിച്ചത്. നീതു കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം അറിഞ്ഞ് ഇയാള്‍ ഒളിവിലാണ്.
സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് നീതു താമസിച്ചിരുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാവിലെ യുവതിയില്‍ രക്തസ്രാവം കണ്ടതോടെ സഹപ്രവര്‍ത്തകര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പ്രസവ വിവരം അറിയുന്നത്. തുടര്‍ന്ന് അമ്മയേയും കുട്ടിയേയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് മരിച്ച നിലയിലായിരുന്നു.
2.8 കിലോഗ്രാം തൂക്കമുളള പെണ്‍കുഞ്ഞായിരുന്നു. യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത ശേഷം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് നീതു കുറ്റസമ്മതം നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതില്‍ നിന്നും മുങ്ങി മരണമാണെന്ന് വ്യക്തമായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മ നീതുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നീതു പൊലീസിനോട് സമ്മതിച്ചു.
ആശുപത്രിയിലെ മുന്‍ജീവനക്കാരനായ കാമുകനില്‍ നിന്ന് ഗര്‍ഭിണിയായത് ഇവര്‍ മറച്ചുവെയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായ വിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതിയെ വിശദമായ ചോദ്യം ചെയ്യുകയാണ് പൊലീസ്.