
പത്തനംതിട്ട: അനധികൃത സ്വത്തു സമ്പാദനത്തിന് ആരോപണ വിധേയനായ സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയനെ നീക്കി. മുല്ലക്കര രത്‌നാകരന് താല്‍ക്കാലിക ചുമതല നല്‍കി. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് ജയനെ മാറ്റാന്‍ തീരുമാനിച്ചത്. എഐവൈഎഫ് സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് നടപടി. അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച് ശ്രീനാദേവി നല്‍കിയ പരാതി അന്വേഷിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് നാലംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊല്ലം ജില്ലയില്‍ നിന്നുള്ള ശ്രീനാദേവി കുഞ്ഞമ്മയെ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജയന്‍ തന്നെയാണ് ജില്ലയില്‍ കൊണ്ടു വന്നത്. പള്ളിക്കല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകേണ്ടിരുന്ന പ്രീതാ രമേശിനെ ഒഴിവാക്കാന്‍ വേണ്ടി കൊണ്ടു വന്ന ശ്രീനാദേവി തന്നെ ജയന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തേക്ക് വഴി തെളിച്ചുവെന്നതാണ് ശ്രദ്ധേയം.
ശ്രീനാദേവിയെ മത്സരിപ്പിക്കുന്നതിന് വേണ്ടി ഇവിടെ കൊണ്ടു വന്ന് വാടകവീട് എടുക്കുകയും മറ്റ് രേഖകള്‍ സമ്പാദിക്കുകയും ചെയ്തു. പ്രീതാ രമേശിനെ വെട്ടിനിരത്തി ശ്രീനാദേവിയെ കൊണ്ടു വന്നതിന് തെരഞ്ഞെടുപ്പില്‍ അവരുടെ വിജയം തന്നെ ജയന്റെ നേട്ടമായി. എന്നാല്‍, പിന്നീട് ഇരുവരും തമ്മില്‍ തെറ്റുകയായിരുന്നു. സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ ജയന്‍ അധിക്ഷേപിച്ചുവെന്നായിരുന്നു ശ്രീനയുടെ പരാതി. ജയന്റെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതി പോലും അങ്ങനെയാണ് ഉണ്ടായത്. ഏനാത്തെ ഫാം അടക്കമുള്ള അനധികൃത സ്വത്തുക്കള്‍ മരുമകന്റെയാണെന്ന വാദം ജയന്‍ നിരത്തിയെങ്കിലും അന്വേഷണ കമ്മിഷന്‍ അതൊന്നും പരിഗണിച്ചില്ല.
എല്‍ഡിഎഫിലെ ധാരണ അനുസരിച്ച് അവസാന ഒരു വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ശ്രീനാദേവി കുഞ്ഞമ്മയ്ക്കാണ് ലഭിക്കേണ്ടത്. ഇതിന് തടയിടാന്‍ ജയന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സെക്രട്ടറി സ്ഥാനത്ത് നിന്ന് തെറിക്കുമെന്ന് മനസിലാക്കിയ ജയന്‍ തനിക്ക് എതിരേ നിന്നവരെ ഒക്കെ വെട്ടി നിരത്തിയെന്നാണ് പരാതി.