ചെങ്ങറ സമരഭൂമിയില്‍ ദമ്പതികളെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമം: പ്രതി അറസ്റ്റില്‍

0 second read
Comments Off on ചെങ്ങറ സമരഭൂമിയില്‍ ദമ്പതികളെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമം: പ്രതി അറസ്റ്റില്‍
0

കോന്നി: കുട്ടികളുടെ മുന്നില്‍ വച്ച് ദമ്പതിമാരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചെങ്ങറ സമരഭൂമിയില്‍ ശാഖ 48 ല്‍ താമസിക്കുന്ന ശ്യാം (50) ആണ് പിടിയിലായത്. മുന്‍ വിരോധം കാരണമായിരുന്നു ആക്രമണം. ശ്യാമിനെതിരേ സമരഭൂമിയിലെ ശാഖയില്‍ പരാതി നല്‍കിയതില്‍ പ്രകോപിതനായ പ്രതി ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ബീനയെയും ഭര്‍ത്താവ് ബിനുവിനെയും തടഞ്ഞുനിര്‍ത്തി വടിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ദ്മ്പതികളുടെ രണ്ടു മക്കളുടെ സാന്നിധ്യത്തിലായിരുന്നു അക്രമം.

അതുമ്പുംകുളത്തെ റേഷന്‍ കടയില്‍ പോയി കുട്ടികളുമായി തിരികെ ചെങ്ങറ സമരഭൂമിയിലേക്ക് വരുമ്പോഴാണ് ശ്യാം വഴിക്കു വച്ച് ഇവരെ തടഞ്ഞത്. തുടര്‍ന്ന് കൈയിലെ സ്‌കൂള്‍ ബാഗില്‍ കരുതിയ വടിവാളെടുത്ത് ആക്രമിക്കുകയുമായിരുന്നു. ബിനുവിനെ ആദ്യം വെട്ടി. തടയാനുള്ള ശ്രമത്തിനിടെ ഇടതു കൈപ്പത്തിയില്‍ വെട്ടേറ്റു. കൊല്ലുമെന്ന് ആക്രോശിച്ച് ബീനയെ കഴുത്തില്‍ വെട്ടി. തടയാന്‍ ശ്രമിച്ച ബിനുവിനെ വീണ്ടും വെട്ടി. ബിനുവിന് ഇടതുകാലില്‍ പരുക്കേറ്റു. ഭയന്നുപോയ കുട്ടികള്‍ ബന്ധുവിനെ വിവരം അറിയിക്കാന്‍ ഓടിപ്പോയെങ്കിലും കാണാതെ തിരിച്ചെത്തി.

ഈസമയം പ്രതി അതുമ്പുംകുളം ഭാഗത്തേക്ക് ഓടിപ്പോയി എന്നും യുവതിയുടെ മൊഴിയിലുണ്ട്. തൊട്ടടുത്ത ശാഖാ ഓഫീസില്‍ ഉണ്ടായിരുന്ന ആളുകള്‍ ചേര്‍ന്ന് ആംബുലന്‍സ് വരുത്തി കോന്നി താലൂക്ക് ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു.

ആശുപത്രിയിലെത്തി മലയാലപ്പുഴ എസ് ഐ വി എസ് കിരണ്‍ മൊഴിവാങ്ങി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, ഉടനടി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബീനയുടെ കുടുംബവും ശ്യാമുമായി വിരോധത്തില്‍ കഴിഞ്ഞു വരികയാണ്. ഇവരുടെ ഷെഡ് നില്‍ക്കുന്ന സ്ഥലത്തിന്റെ അതിരില്‍ വേലിയായി കെട്ടിയിരുന്ന സാരി മദ്യപിച്ചെത്തിയ ശ്യാം മുമ്പ് നശിപ്പിക്കുകയുണ്ടായി. ഇതുസംബന്ധിച്ച് ശാഖയില്‍ പരാതി നല്‍കുകയും, തുടര്‍ന്ന് ഇയാളെ താക്കീത് ചെയ്തതായും പറയുന്നു.

ഈ വിരോധത്താല്‍ ശ്യാം കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയതായും, കഴിഞ്ഞദിവസം രാത്രി മദ്യപിച്ചെത്തി അതിരില്‍ നിന്ന് ചീത്ത വിളിച്ചതായും മൊഴിയിലുണ്ട്. കൊല്ലം പിറവന്തൂര്‍ ആനക്കുളത്തുനിന്നും 20 വര്‍ഷം മുമ്പ് ചെങ്ങറ സമരഭൂമിയിലെത്തി താമസമാക്കിയതാണ് ബിനുവിന്റെ കുടുംബം. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…