അടൂര്‍: യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാല ചിറ്റാണി മുക്ക് കൊച്ചു പുത്തന്‍വീട്ടില്‍ ഷെബിന്‍ തമ്പിക്ക് കുത്തേറ്റ സംഭവത്തില്‍ പറക്കോട് തറയില്‍ വീട്ടില്‍, ഷംനാദി(33)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30 ന് വൈകീട്ട് ആറിന് മണക്കാല ജനശക്തി നഗറില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ ഒന്നാം പ്രതിയായ രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ഷെബിന്‍. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കവും കുടുംബപരമായ പ്രശ്‌നങ്ങളുമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവ ദിവസം ഫോണില്‍ കൂടി ഒന്നാം പ്രതിയും ഷെബിനും തമ്മില്‍ തര്‍ക്കമുണ്ടാകുകയും സുഹൃത്തുക്കളായ ഷംനാദിനെയും സുബിനെയും കൂട്ടി ഷെബിനെ മര്‍ദിക്കുകയുമായിരുന്നു.
ഒന്നും രണ്ടും പ്രതികള്‍ കഴിഞ്ഞ രണ്ടിന് അറസ്റ്റിലായിരുന്നു. ഷംനാദ് വിവിധ സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിഞ്ഞു വരുമ്പോഴാണ് പിടിയിലായത്. ഡിവൈ.എസ്.പി ആര്‍ ജയരാജിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എ. മനീഷ്, സി.പി.ഓമാരായ സൂരജ് ആര്‍. കുറുപ്പ്, ശ്യാം കുമാര്‍, നിസാര്‍ മൊയ്ദീന്‍, രാകേഷ് രാജ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തിന് മുന്‍പ് പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്.