
പത്തനംതിട്ട: രണ്ട് കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ റാന്നി പോലീസ് ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലിലാക്കി. റാന്നി ബ്ലോക്കുപടി വടക്കേടത്തു വീട്ടില്‍ അതുല്‍ സത്യനെ(28)യാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാക്കിയത്. 2016 മുതല്‍ ഇതുവരെ ഏഴു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. എല്ലാ കേസുകളും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഇവയില്‍ രണ്ടെണ്ണത്തില്‍ വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാരനെന്ന് കണ്ടെത്തി കൊടതി ശിക്ഷ വിധിച്ചിരുന്നു. ബാക്കി നാലെണ്ണത്തില്‍ വിചാരണ നടന്നുവരികയാണ്.
കൊലപാതകക്കേസുകള്‍ 2020, 2023 വര്‍ഷങ്ങളിലാണ് റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഒപ്പമിരുന്നു മദ്യപിച്ച സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തേ തുടര്‍ന്ന് മര്‍ദ്ദിച്ചുകൊന്നതിന് രജിസ്റ്റര്‍ ചെയ്തതാണ് ആദ്യത്തെത്. രണ്ടാമത്തെ കേസ് കഴിഞ്ഞ ജൂണില്‍ കൂടെ താമസിച്ചുവന്ന യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്നതാണ്.