
പമ്പ: മദ്യലഹരിയിലുണ്ടായ കലഹത്തിനിടെ വീട്ടമ്മയുടെ അടിയേറ്റ് ഒപ്പം താമസിച്ചിരുന്നയാള്‍ മരിച്ചു. ചിറ്റാര്‍ കൊടുമുടി സ്വദേശി രത്‌നാകരന്‍ (57) ആണ് മരിച്ചത്. അട്ടത്തോട് പടിഞ്ഞാറെ കോളനിയില്‍ ഓലിക്കല്‍ വീട്ടില്‍ ശാന്ത(55)യെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. 14 ന് രാത്രി പത്തരയോടെയാണ് സംഭവം.
ഒന്നര വര്‍ഷമായി രത്‌നാകരന്‍ ശാന്തയ്‌ക്കൊപ്പം അട്ടത്തോട് ഓലിക്കല്‍ വീട്ടിലാണ് താമസം. ശാന്തയെ ആദ്യം വിവാഹം കഴിച്ചത് ചെല്ലപ്പന്‍ എന്നയാളാണ്. അയാളുടെ മരണ ശേഷം സുധാകരന്‍ എന്നയാള്‍ക്കൊപ്പമായിരുന്നു താമസം. സുധാകരനും മരിച്ചതിന് ശേഷമാണ് ഇവര്‍ക്കൊപ്പം രത്‌നാകരന്‍ ജീവിതം ആരംഭിച്ചത്. ശാന്തയുടെ മകള്‍ സന്ധ്യ, മരുമകന്‍ റെജി, ഇവരുടെ രണ്ടു കുട്ടികള്‍ എന്നിവരാണ് ഈ വീട്ടിലുള്ളത്. ഞായറാഴ്ച രാത്രി മദ്യപിച്ചതിന് ശേഷം ഇരുവരും തമ്മില്‍ കലഹിക്കുകയായിരുന്നു. ശാന്തയുമായി പിണങ്ങി എവിടെയോ പോയിരുന്ന രത്‌നാകരന്‍ ഞായറാഴ്ച രാത്രിയാണ് തിരിച്ചു വന്നത്.
മദ്യലഹരിയില്‍ പരസ്പരം അസഭ്യം വിളിച്ചു. ഇത് ഇഷ്ടപ്പെടാതെ വന്ന ശാന്ത മരക്കമ്പ് എടുത്ത് രത്‌നാകരന്റെ ഉച്ചിയില്‍ ആഞ്ഞടിക്കുകയായിരുന്നു. ഇയാള്‍ അബോധാവസ്ഥയില്‍ നിലത്തു വീണു. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് നിലയ്ക്കല്‍ പി.എച്ച്.സിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. ഉടന്‍ തന്നെ ശാന്തയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രത്‌നാകരന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.