
തിരുവല്ല: അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ബന്ധുവായ പ്രതിയെ റിമാന്‍ഡ് ചെയ്തു. കിഴക്കന്‍ ഓതറ തൈക്കാട്ടില്‍ വീട്ടില്‍ മനോജ് (34) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ തൈക്കാട്ടില്‍ വീട്ടില്‍ വിക്രമനെന്ന ടി.കെ.രാജനെ കോടതി റിമാന്‍ഡ് ചെയ്തു. 13 ന് രാത്രി ഒമ്പതിനാണ് സംഭവം. ഇവരെല്ലാവരും ഒരു കോളനിയിലാണ് താമസിക്കുന്നത്. നേരത്തേ തൈക്കാട്ടു വീട്ടില്‍ സോമന്‍, അയല്‍വാസിയായ രതീഷിന്റെ വീട്ടില്‍ വളര്‍ത്തുന്ന പട്ടിയെ എറിഞ്ഞതിനെ ചൊല്ലി വഴക്കുണ്ടായിരുന്നു. ഇതില്‍ രതീഷിന്റെ കുഞ്ഞമ്മയുടെ മകനായ മനോജ് ഇടപെട്ടു. സോമനും മനോജുമായി തര്‍ക്കമായി.
ഇതിനിടെ സോമന്റെ ജ്യേഷ്ഠനായ രാജന്റെ മകന്‍ അഖില്‍ രതീഷിനെ അടിച്ചു. രാത്രി പത്തരയോടെ തന്നെ തല്ലിയതിനെപ്പറ്റി ചോദിക്കാനായി രതീഷും മനോജും അഖിലിന്റെ വീട്ടില്‍ ചെന്നു. അഖില്‍ ഈസമയം വീട്ടില്‍ ഇല്ലായിരുന്നു. ഇരുവരും അഖിലിന്റെ പിതാവ് രാജനും അമ്മ സുജാതയുമായി തര്‍ക്കമായി. പിടിവലിയും നടന്നു. രതീഷിന്റെ ഭാര്യയുടെ വസ്ത്രം പിടിവലിക്കിടെ കീറി. വസ്ത്രം മാറാന്‍ വീട്ടിലേക്ക് പോയി തിരിച്ചു വന്ന രശ്മി കണ്ടത് രാജന്റെ വീട്ടുമുറ്റത്ത് രതീഷും മനോജും വീണുകിടക്കുന്നതാണ്. ഓടിക്കൂടിയവര്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാജന്‍ കത്തി കൊണ്ട് മനോജിന്റെ ഇടതുനെഞ്ചിലും വയറ്റിലും കുത്തി മുറിവേല്‍പ്പിച്ചതായും അടിപിടിക്കിടെ ഇയാള്‍ക്കു തലയ്ക്ക് പരിക്കുപറ്റിയതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. രാജനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്ത രതീഷിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവല്ല പോലീസ് സേ്റ്റഷനിലെത്തിച്ചു.
രാജന്‍ വീട് വെക്കുന്നതിനായി കരുതിവച്ച ഒന്നര ലക്ഷം രൂപ മനോജിന്റെ മകന്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ചതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വിരോധം നിലവിലുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മനോജിന്റെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഡിവൈ.എസ്.പി എസ്. അഷാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.ഐ ഉണ്ണികൃഷ്ണന്‍, എ.എസ്.ഐ ജയകുമാര്‍, എസ്.സി.പി.ഓ പുഷ്പദാസ് എന്നിവരാണ് ഉള്ളത്.