ഒരുമിച്ചിരുന്ന് മദ്യപിച്ചു: കൂലിയെ ചൊല്ലി തര്‍ക്കം ഉയര്‍ന്നപ്പോള്‍ മണ്‍വെട്ടിയും കസേരയും കൊണ്ട് മര്‍ദിച്ചു: അടൂരില്‍ വയോധികന്‍ മരിച്ച കേസില്‍ പ്രതി പിടിയില്‍

0 second read
Comments Off on ഒരുമിച്ചിരുന്ന് മദ്യപിച്ചു: കൂലിയെ ചൊല്ലി തര്‍ക്കം ഉയര്‍ന്നപ്പോള്‍ മണ്‍വെട്ടിയും കസേരയും കൊണ്ട് മര്‍ദിച്ചു: അടൂരില്‍ വയോധികന്‍ മരിച്ച കേസില്‍ പ്രതി പിടിയില്‍
0

അടൂര്‍: ദൂരൂഹ സാഹചര്യത്തില്‍ പരുക്കേറ്റുള്ള വയോധികന്റെ മരണം കൊലപാതകം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് കുന്നത്തുകര ചിറവരമ്പേല്‍ സുധാകരന്‍ (65) മരിച്ച കേസില്‍ മുണ്ടപ്പള്ളി കാവട വീട്ടില്‍ അനിലിനെയാ(40)ണ് അടൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 24 നാണ് കേസിന് ആസ്പദമായ സംഭവം. ഗുരുതര പരുക്കുകളോടെ സുധാകരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരുക്ക് ഗുരുതരമായിരുന്നതിനാല്‍ ഏപ്രില്‍ 11 ന് ഇദ്ദേഹം മരിച്ചു. ഇതിനിടെ രണ്ടാമത്തെ മകള്‍ക്ക് തോന്നിയ സംശയമാണ് അനിലിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് പൊലീസിനെ എത്തിച്ചത്. സുധാകരന്റെ ഇളയ മകള്‍ സംശയം തോന്നി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പിതാവിന് പരുക്കേറ്റത് സംബന്ധിച്ച് സംശയം ഉണ്ടെന്നും സംഭവ ദിവസം അനിലും, സുധാകരനും തമ്മില്‍ തര്‍ക്കമുണ്ടായതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സുധാകരന്‍ അനിലിന്റെ പറമ്പില്‍ കൃഷിപ്പണിക്ക് പോകുന്ന പതിവുണ്ട്. സംഭവ ദിവസം ഇരുവരും പണിക്ക് ശേഷം ഒരുമിച്ചിരുന്ന് മദ്യപിക്കുകയും കൂലി സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും ചെയ്തു. വാക്കേറ്റം അടിപിടിയായി. അനില്‍ സുധാകരനെ ക്രൂരമായി മര്‍ദിച്ചു. മണ്‍വെട്ടിയും കസേരയും മര്‍ദനത്തിന് ഉപയോഗിച്ചു. മര്‍ദനത്തില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണത്തിന് കാരണമായത്. സുധാകരനെ മര്‍ദിച്ച് അവശനാക്കിയ ശേഷം അനില്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പട്ടു.

മകളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശ പ്രകാരം അടൂര്‍ ഡിവൈ.എസ്.പി ആര്‍.ജയരാജിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അനേ്വഷണ സംഘം രൂപീകരിച്ചു. പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘം പ്രതിയെ രഹസ്യമായി നിരീക്ഷിച്ചു. സമീപവാസികളോടും ബന്ധുക്കളോടും മറ്റും അനേ്വഷണ നടത്തി. ശനിയാഴ്ച രാത്രിയില്‍ അനിലിനെ കസ്റ്റഡിയില്‍ എടുത്തു.
അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
ഒടുവില്‍ പ്രതി നടന്ന കാര്യങ്ങള്‍ പറഞ്ഞു. ജില്ലാ പൊലീസ് ഫോറന്‍സിക് വിഭാഗം, സയന്റിഫിക് വിഭാഗം, ഫിംഗര്‍ പ്രിന്റ് യൂണിറ്റ്, പോലീസ് ഫോട്ടോഗ്രാഫര്‍, ഡോഗ് സ്‌ക്വാഡ് എന്നീ സംഘങ്ങള്‍ സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. മര്‍ദനത്തിന് ഉപയോഗിച്ച മണ്‍വെട്ടിയും കസേരയും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അനേ്വഷണം നടത്തുമെന്ന് അടൂര്‍ ഡി.വൈ.എസ്.പി അറിയിച്ചു. പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ വിപിന്‍ കുമാര്‍, ജലാലുദ്ദീന്‍ റാവുത്തര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്.ആര്‍.കുറുപ്പ്, റോബി ഐസക്, ശ്രീജിത്ത്, പ്രവീണ്‍.റ്റി, അമല്‍.ആര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …