ഒളിച്ചു കളി തീര്‍ന്നു: 3.94 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ മൈലപ്ര ബാങ്ക് മുന്‍ സെക്രട്ടറി അറസ്റ്റില്‍: ക്രൈംബ്രാഞ്ച് പൊക്കിയത് അഞ്ചക്കാലായിലെ വീട്ടില്‍ നിന്ന്

0 second read
Comments Off on ഒളിച്ചു കളി തീര്‍ന്നു: 3.94 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ മൈലപ്ര ബാങ്ക് മുന്‍ സെക്രട്ടറി അറസ്റ്റില്‍: ക്രൈംബ്രാഞ്ച് പൊക്കിയത് അഞ്ചക്കാലായിലെ വീട്ടില്‍ നിന്ന്
1

പത്തനംതിട്ട: കോടികളുടെ ക്രമക്കേട് നടന്ന മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ഒരു കേസില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ചിന്റെ എക്കണോമിക്‌സ് ഓഫന്‍സ് വിങ് അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പി എം.എ അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാവിലെ 11.30ന് അഞ്ചക്കാലായിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാതെ ഒളിച്ചുകളിക്കുകയായിരുന്നു ജോഷ്വ. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടിയുടെ ക്രമക്കേട് നടത്തിയ കേസിലാണ് അറസ്റ്റ്.

ഓഗസ്റ്റ് ഒന്നിന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാനായിരുന്നു മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ആരോഗ്യപരമായ കാരണങ്ങളും പിതാവിന്റെ മരണവും ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷയില്‍ കോടതി തന്നെ ജോഷ്വയ്ക്ക് സമയം അനുവദിച്ചു. സെപ്റ്റംബര്‍ ഏഴു വരെയായിരുന്നു ഇതിന്റെ കാലാവധി. അന്നും ഹാജരാകാതിരുന്ന ജോഷ്വായുടെ ചികില്‍സാ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇദ്ദേഹത്തിന് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും ഇതിനോടകം മൂന്നാഴ്ചത്തേക്ക് കൂടി ഹാജരാകാനുള്ള സമയം നീട്ടി നല്‍കി.
അന്വേഷണ സംഘത്തിന് മുന്നില്‍ ജോഷ്വാ ഹാജരാകുമ്പോള്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ജോഷ്വാ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് മാതൃകയില്‍ മറ്റ് ചിലരും അകത്ത് പോകേണ്ടി വരുമെന്ന് മനസിലാക്കിയതോടെ ഉന്നതതല ഇടപെടല്‍ ഉണ്ടായെന്നാണ് പറയുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തിലുള്ള സംഘം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് ജോഷ്വാ മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ സഹോദര സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതില്‍ 3.94 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എടുത്ത കേസിലാണ് ജോഷ്വാ മാത്യു പ്രതിയായിട്ടുള്ളത്.

മൂന്നു മാസം മുന്‍പ് സഹകാരിയുടെ പരാതിയില്‍ 86 കോടിയുടെ മറ്റൊരു കേസ് ജോഷ്വാ മാത്യു, ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ എന്നിവര്‍ക്കെതിരേ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിരുന്നു. നിലവില്‍ ഇയാള്‍ ഒളിവിലായിരുന്നു. വീട്ടിലെത്തിയ വിവരം അറിഞ്ഞ് ക്രൈംബ്രാഞ്ച് സംഘം എത്തുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഇടപെടലാണ് അറസ്റ്റ് വൈകാന്‍ കാരണമായതെന്നും പറയുന്നു.

നല്‍കിയതിലേറെയും ബിനാമി വായ്പകള്‍:
തിരികെ കിട്ടാനുള്ളത് 100 കോടിയിലേറെ

പത്തനംതിട്ട: ബിനാമി പേരിലും അതിര്‍ത്തി വിട്ടും ചതുപ്പുനിലങ്ങളുടെ സര്‍വേ നമ്പര്‍ ഉപയോഗിച്ചും കോടികള്‍ വായ്പ നല്‍കിയതാണ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. അനുബന്ധ സ്ഥാപമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് പര്‍ച്ചേസ് നടത്തിയ വകയിലും കോടികള്‍ അടിച്ചു മാറ്റി. നല്‍കിയ വായ്പകളില്‍ മുതലും പലിശയുമായി തിരികെ കിട്ടാനുള്ളത് നൂറു കോടിയോളം രൂപയാണ്. നിലവിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 70 കോടിയോളം രൂപയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വായ്പയായി നല്‍കിയിട്ടുള്ളത്. മുതലും പലിശയും കണക്കാക്കുമ്പോള്‍ തിരികെ ലഭിക്കാനുള്ളത് 100 കോടി കവിയും. കോന്നി ജോയിന്റ് രജിസ്ട്രാറുടെ പരാതിയില്‍ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര്‍ പറയുന്നത് 89 ബിനാമി വായ്പകളുണ്ടെന്നാണ്. ഇതില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന പലര്‍ക്കും കോടിക്കണക്കിന് രൂപയാണ് വായ്പ നല്‍കിയിരിക്കുന്നത്. ഒരേ വസ്തു ഈടായി കാണിച്ചു കൊണ്ട് ഒന്നിലധികം പേര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്.
നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കാന്‍ ബാങ്കിന്റെ ആസ്തികള്‍ വില്‍ക്കുന്ന കാര്യം അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി പരിഗണിക്കുന്നുണ്ട്. മൈഫുഡ് റോളര്‍ ഫാക്ടറി, അവിടെയുള്ള വാഹനങ്ങള്‍, അഴൂര്‍, കുമ്പളാംപൊയ്ക എന്നിവിടങ്ങിലെ ഭൂമി, മണ്ണാറക്കുളഞ്ഞി, ശാന്തിനഗര്‍ ബ്രാഞ്ചുകള്‍ എന്നിവയുടെ മൂല്യനിര്‍ണയം നടത്താന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി തയാറെടുക്കുകയാണ്. ഭരണ സമിതി പിരിച്ചു വിടുന്നതിന് മുന്‍പ് ബാങ്കിന്റെ ആസ്തികള്‍ വില്‍ക്കുന്നതിന് പൊതുയോഗം അനുവാദം നല്‍കിയെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം, കേസില്‍പ്പെട്ട് കിടക്കുന്ന ഫാക്ടറി വില്‍ക്കുന്നതെങ്ങനെ എന്ന ചോദ്യം ഉയരുന്നുണ്ട്.
അതിനിടെ തട്ടിപ്പില്‍ ബാങ്കിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികള്‍ ആരെല്ലാമാണെന്നും അവരുടെ ബാധ്യത എത്രയാണെന്നും കണ്ടെത്തുന്നതിനുള്ള സര്‍ചാര്‍ജ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ജോയിന്റ് രജിസ്ട്രാര്‍ ഒരു മാസം കൂടി നീട്ടി നല്‍കി. കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ ആണ് അന്വേഷണം നടത്തുന്നത്. വകുപ്പ് 68(1) പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്. നഷ്ടം വന്ന തുക മുന്‍ സെക്രട്ടറി, ബാങ്ക് പ്രസിഡന്റ്, ഭരണ സമിതിയംഗങ്ങള്‍ എന്നിവരില്‍ നിന്ന് ഈടാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…