മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് കൊന്നത് ഇതരസംസ്ഥാനക്കാര്‍? ആസൂത്രണം വ്യക്തം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്‌

0 second read
Comments Off on മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് കൊന്നത് ഇതരസംസ്ഥാനക്കാര്‍? ആസൂത്രണം വ്യക്തം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്‌
0

പത്തനംതിട്ട: വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് കൊലപ്പെടുത്തി പണവും സ്വര്‍ണവും  സിസിടിവി ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ച് കടന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ്(73) പോസ്റ്റ് ഓഫീസ് ജങ്ഷനിലെ പുതുവേലില്‍ സ്‌റ്റോഴ്‌സ് എന്ന സ്വന്തം കടയില്‍ കൊല്ലപ്പെട്ടത്.  കൈകാലുകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

മരണവിവരം  പുറത്തു വന്നപ്പോഴേക്കും പകല്‍ വെളിച്ചം മാഞ്ഞതിനാല്‍ ഇന്നലെ വൈകിട്ട് മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റിയിരുന്നില്ല. ശക്തമായ പൊലീസ് ബന്തവസില്‍ കടയ്ക്കുള്ളില്‍ യഥാസ്ഥാനത്ത് തന്നെ മൃതദേഹം സൂക്ഷിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇന്നലെ പരിശോധനകള്‍ ഒന്നും നടന്നില്ല. ഫോറന്‍സിക് സംഘം വന്നുവെങ്കിലും പ്രാഥമിക നടപടി ക്രമങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തില്‍ രാത്രി തന്നെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായത് മുഴുവന്‍ പരിശോധിച്ചു. കാര്യമായ സൂചനകളൊന്നുമില്ല.

ഇതരസംസ്ഥാനക്കാരെ പൊലീസ് സംശയിക്കുന്നുണ്ട്. ജോര്‍ജിന്റെ കടയോട് ചേര്‍ന്ന് നിരവധി ഇതരസംസ്ഥാനക്കാര്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇതിന് പുറമേ കടയില്‍ നിന്ന് കെട്ടിടനിര്‍മാണത്തിനുള്ള സാധന സാമഗ്രികളായ തൂമ്പ, കൂന്താലി, കുട്ട, പിക്കാസ്, കോരി, കയര്‍, മണ്‍വെട്ടി എന്നിവയൊക്കെ വാങ്ങാന്‍ പണി നടക്കുന്നിടങ്ങളില്‍ നിന്ന് ഇതരസംസ്ഥാനക്കാര്‍ എത്തുന്ന പതിവുണ്ട്. ജോര്‍ജ് മിക്കപ്പോഴും കടയില്‍ ഷര്‍ട്ട് ധരിക്കാതെയാകും നില്‍ക്കുക എന്നാണ് പരിചയക്കാര്‍ പറയുന്നത്. കഴുത്തിലുള്ള ആറു പവന്റെ മാലയില്‍ മോഷ്ടാക്കളുടെ നോട്ടം പതിയാനുള്ള സാധ്യതയും ഏറെയാണ്.

പരിസരപ്രദേശങ്ങള്‍ വ്യക്തമായി നിരീക്ഷിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. എവിടെയൊക്കെ സിസിടിവി ഉണ്ടെന്ന് മനസിലാക്കിയാണ് മോഷ്ടാക്കള്‍ എത്തിയിരിക്കുന്നത് എന്നു വേണം കരുതാന്‍. സിസിടിവികളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇവര്‍ എടുത്തിട്ടുണ്ട്. എങ്കിലും ജോര്‍ജിന്റെ കടയിലെ സിസിടിവിയില്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാലാണ് ഇവര്‍ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചിട്ടുള്ളത്. കടയില്‍ കയറി ജോര്‍ജിനെ കെട്ടിയിട്ട ശേഷമാകണം ഇവര്‍ ഹാര്‍ഡ് ഡിസ്‌ക്്് അഴിച്ചെടുത്തിരിക്കുന്നത്. അതിന് ശേഷമാകാം കൊലപാതകം ചെയ്തത്.

പ്രഫഷണല്‍ മോഷ്ടാക്കളാണ് കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഉച്ച കഴിഞ്ഞ് രണ്ടിനും വൈകിട്ട് ആറിനും മധ്യേയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് കരുതുന്നു. ഒന്നിലധികം പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. പരിസരവും ജോര്‍ജിനെയും ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് കൃത്യം നടത്തിയിരിക്കുന്നത്. ശബരിമല മകരവിളക്ക് തീര്‍ഥാടനത്തിന് നട തുറന്ന ദിവസം നോക്കിയാണ് കൊല നടത്തിയിരിക്കുന്നത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഈ സമയത്ത് വാഹന തിരക്ക് ഏറെയാണ്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നൂറു കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. ഇതില്‍ നിന്ന് വാഹനം കണ്ടെത്തി വേണം കൊലയാളികള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്താന്‍.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…