മൈലപ്ര സര്‍വീസ് സഹകരണ സംഘം: അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി പിരിച്ചു വിടാനുള്ള വാദങ്ങളെല്ലാം അടിസ്ഥാനരഹിതം: സഹകരണ വകുപ്പ് നിരത്തിയ കാരണങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതെന്ന് പിരിച്ചു വിടപ്പെട്ട കമ്മറ്റി അംഗങ്ങള്‍

0 second read
Comments Off on മൈലപ്ര സര്‍വീസ് സഹകരണ സംഘം: അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി പിരിച്ചു വിടാനുള്ള വാദങ്ങളെല്ലാം അടിസ്ഥാനരഹിതം: സഹകരണ വകുപ്പ് നിരത്തിയ കാരണങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതെന്ന് പിരിച്ചു വിടപ്പെട്ട കമ്മറ്റി അംഗങ്ങള്‍
0

പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ സംഘത്തിലെ നിലവിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി പിരിച്ചു വിടുന്നതിന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നിരത്തിയ വാദങ്ങള്‍ പച്ചക്കളളമാണെന്ന് കണ്‍വീനര്‍ അഡ്വ. കെ.എ. മനോജ്, അംഗം ഫാ. സാമു ജോര്‍ജ് (നഥാനിയല്‍ റമ്പാന്‍) എന്നിവര്‍ പറഞ്ഞു. മുന്‍ സെക്രട്ടറിമാരെ വഴിവിട്ടു സഹായിച്ചു, സംഘത്തിന്റെ ഫാക്ടറി വാടകയ്ക്ക് കൊടുത്തില്ല, നിയമ നടപടികളില്‍ വീഴ്ച വരുത്തി, കേസുകളില്‍ മുന്‍ സെക്രട്ടറിമാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു, ബോര്‍ഡ് തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിച്ചില്ല എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് സഹകരണ വകുപ്പ് കോഴഞ്ചേരി താലൂക്ക് അസി. രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജോയിന്റ് രജിസ്ട്രാറാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി പിരിച്ചു വിട്ടത്.

പകരം ചുമതല കോഴഞ്ചേരി താലൂക്ക് അസി. രജിസ്ട്രാര്‍, വള്ളിക്കോട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. നിലവിലുള്ള കമ്മറ്റിയെ പുറത്താക്കാന്‍ വേണ്ടി സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ വാദഗതി പ്രതിരോധിക്കുകയാണ് കണ്‍വീനറും അംഗവും. മേയ് 20 നാണ് കമ്മറ്റി ചാര്‍ജ് എടുത്തത്. പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18 മുതല്‍ ഇക്കഴിഞ്ഞ മേയ് 19 വരെ ഭരണം നടത്തിയിരുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച മിനിട്‌സ് ബുക്ക് ആവശ്യപ്പെട്ടു. അത് തന്നില്ല, പിന്നീട് തരാമെന്ന് പറഞ്ഞു. പല പ്രാവശ്യം നേരിട്ടും കത്ത് മുഖേനെയും ആവശ്യപ്പെട്ടിട്ടും ഇത് വരെയും തന്നിട്ടില്ല. അത് കൊണ്ട് മുന്‍ ഭരണസമിതി തീരുമാനത്തിന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പലതിലും കഴിഞ്ഞില്ല. പുതിയ ബുക്കിലാണ് ഈ കമ്മിറ്റിയുടെ മിനിറ്റ്‌സ് എഴുതി തയാറാക്കിയിട്ടുള്ളത്.

എന്തോ ഒളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മിനുട്‌സ് ബുക്ക് കൈമാറാതിരുന്നതെന്ന് കമ്മറ്റി ചൂണ്ടിക്കാണിക്കുന്നു. മുന്‍ സെക്രട്ടറിമാരായ ജോഷ്വാ മാത്യു, ഷാജി ജോര്‍ജ് എന്നിവരുടെ പേരില്‍ അച്ചടക്കനടപടി സ്വീകരിച്ചില്ലെന്നു പറയുന്നത് വസ്തുത വിരുദ്ധമാണ്. ജോഷ്വാ മാത്യു സര്‍വീസില്‍ നിന്നും വിരമിച്ചത് 2022 ഏപ്രില്‍ 30 ന് ആണ്. ഒരു ജീവനക്കാരന്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് മുന്‍പ് അച്ചടക്ക നടപടി ആരംഭിച്ചാല്‍ മാത്രമാണ് തുടര്‍ നടപടി സ്വീകരിക്കാന്‍ പിന്നീടുള്ള ഭരണസമിതിക്ക് കഴിയുക. എട്ടു മാസത്തോളം ബാങ്കിന്റെ ഭരണം നടത്തിയ സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും ചെയ്യാത്ത കാര്യം പുതിയ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയ്തില്ല എന്ന് പറയുന്നത് ആടിനെ പട്ടിയാക്കുക യാണെന്ന് അംഗങ്ങള്‍ പറഞ്ഞു. ബാങ്ക് സെക്രട്ടറി ഷാജി ജോര്‍ജിനെ സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മാര്‍ച്ച് അഞ്ചിന് സസ്‌പെന്‍ഡ് ചെയ്തിട്ട് അവരുടെ ഭരണം അവസാനിക്കുന്ന മേയ് 19 വരെ ഒരു അച്ചടക്ക നടപടിയും സ്വീകരിച്ചില്ല. ഈ കമ്മിറ്റി വന്നതിന് ശേഷം കുറ്റപത്രവും കുറ്റാരോപണപത്രികയും നല്‍കി. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഗോതമ്പ് ഫാക്ടറി പാട്ടത്തിന് കൊടുക്കുന്നതിനു വേണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി പരസ്യം ചെയ്തിരുന്നു.

എന്ത് തുടര്‍ നടപടികള്‍ ആ കമ്മറ്റി സ്വീകരിച്ചു എന്നോ ലഭിച്ച അപേക്ഷകള്‍ എന്തു ചെയ്തുവെന്നോ അറിയില്ല. ഫാക്ടറിയുടെ മാനേജ്‌മെന്റ് കമ്മറ്റി പഴയ ഭരണസമിതിയുടെ പേരില്‍ തുടരുകയായിരുന്നു. ഗോതമ്പ് ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയാത്തതു എട്ടു മാസം ഭരണം നടത്തിയ ഡിപ്പാര്‍ട്ട്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ പിടിപ്പുകേടാണ്. സഹകരണസംഘം അസി. രജിസ്ട്രാറുടെ ഓഗസ്റ്റ് അഞ്ചിലെ നിര്‍ദ്ദേശപ്രകാരം ഈ മാസം തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ഡിസംബര്‍ 21 ന് തെരഞ്ഞെടുപ്പ് നടത്തുവാന്‍ തീരുമാനിച്ച് ഫീസ് അടച്ച് ചെല്ലാന്‍ സഹിതം തുടര്‍ നടപടികള്‍ക്കായി സഹകരണ ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിച്ചിരുന്നു. ആവശ്യമായ എല്ലാ രേഖകളും ഡിപ്പാര്‍ട്ട്‌മെന്റിന് മുന്‍കൂര്‍ സമര്‍പ്പിച്ചിട്ടും തെരഞ്ഞെടുപ്പ് ബോധപൂര്‍വം നടത്താതിരിക്കാന്‍ നിലവിലുള്ള കമ്മറ്റി ശ്രമിക്കുന്നു എന്ന ജോ. രജിസ്ട്രാറുടെ ഉത്തരവിലെ പരാമര്‍ശം തീര്‍ത്തും തെറ്റാണെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു. സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മറ്റിയുടെ അംഗീകാരം ഇല്ലാതെ നാളിതു
വരെ ഒരു നിക്ഷേപവും കമ്മറ്റി നല്‍കിയിട്ടില്ല. മേയ് മാസം ചാര്‍ജെടുത്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി 4.5 കോടിയോളം രൂപയുടെ വായ്പ തിരികെ ഈടാക്കി.

2.5 കോടിയില്‍പ്പരം രൂപ സ്ഥിര നിക്ഷേപം ഉള്‍പ്പെടെ ബാങ്കിന് നിക്ഷേപം ഉണ്ട്. നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചാര്‍ജ് എടുത്ത ശേഷം വിവിധ കോടതികളില്‍ നിന്നും ലഭിച്ച ഉത്തരവുകള്‍ നിക്ഷേപകരുടെയും സഹകാരികളുടെയും താല്പര്യം സംരക്ഷിച്ച് സമയബന്ധിതമായി പാലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ നീക്കം ചെയ്തത്. ഇതിന് പിന്നില്‍ ചില സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ട്. ഇതിനെതിരെ ബാങ്കിലെ അംഗങ്ങളുമായും നിക്ഷേപകരുമായും ആലോചിച്ച് സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയ്ക്ക് എതിരെ നിയമനടപടികളും പ്രത്യക്ഷ സമര പരിപാടികളും സ്വീകരിക്കുമെന്ന് ഫാ. സാമു ജോര്‍ജ്, അഡ്വ. കെ.എ. മനോജ് എന്നിവര്‍ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…