
തിരുവല്ല: വൃക്കരോഗികള്‍ക്ക് വീട്ടില്‍ തന്നെ ഡയാലിസിസ് നടത്താന്‍ സാധിക്കുന്ന ഹോം പെരിട്ടോണിയല്‍ ഡയാലിസിസ് വിഷയമാക്കി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദേശീയ ശില്പശാല സംഘടിപ്പിച്ചു. വൃക്കരോഗ വിഭാഗത്തിന്റെയും മധ്യ തിരുവിതാംകൂര്‍ നെഫ്രോളജി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മധ്യതിരുവിതാംകൂര്‍ പി.ഡി കോണ്‍ക്ലേവ് എന്ന ദേശീയ ശില്പശാലയില്‍ കേരളത്തിനകത്തും പുറത്തും നിന്നുമായി ഇരുന്നൂറില്‍ അധികം നെഫ്രോളജിസ്റ്റുകളും ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തു.
ആശുപത്രിയിലെ വൃക്കരോഗ വിഭാഗം മേധാവി ഡോ. രാജേഷ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ പോകാതെ സ്വന്തം വീടിന്റെ സൗകര്യങ്ങളില്‍ വച്ചു തന്നെ വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഹോം പെരിട്ടോണിയല്‍ ഡയാലിസിസ്. അടിക്കടിയുള്ള ആശുപത്രി സന്ദര്‍ശനവും സാധാരണ ഹീമോഡയാലിസിസില്‍ ഉള്‍പ്പെടുന്ന സൂചി ഉപയോഗിച്ചുള്ള പ്രക്രിയകള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ഇല്ലാതാക്കാന്‍ഈ സംവിധാനത്തിലൂടെ കഴിയും. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായ കേരളത്തില്‍ ഹോം പെരിട്ടോണിയല്‍ ഡയാലിസിസിനെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണെന്ന് ഡോ.രാജേഷ് ജോസഫ് പറഞ്ഞു. നെഫ്രോളജി അസോസിയേഷന്‍ സെക്രട്ടറി ഡോ. ബിജു കെ. ഗോപിനാഥ്, ഡോ.ജോര്‍ജി എബ്രഹാം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.