ചെത്തോങ്കര മേലേപ്പടി ചെല്ലക്കാട് റോഡ് നവീകരണം: മെല്ലപ്പോക്ക് നയത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

0 second read
Comments Off on ചെത്തോങ്കര മേലേപ്പടി ചെല്ലക്കാട് റോഡ് നവീകരണം: മെല്ലപ്പോക്ക് നയത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
0

റാന്നി: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം നടത്തുന്ന ചെത്തോങ്കര മേലേപ്പടി ചെല്ലക്കാട് റോഡ് നിര്‍മ്മാണം മുടങ്ങിക്കിടക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്. 2018 ലെ പ്രളയ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിക്കുവാന്‍ സര്‍ക്കാര്‍ രണ്ടു കോടി രൂപ അനു വദിച്ചത്. വിശദമായ രൂപരേഖയും പദ്ധതിയും തയാറാക്കി റോഡിന്റ വീതി വര്‍ദ്ധിപ്പിച്ചും കലുങ്കുകള്‍, സംരക്ഷണ ഭിത്തികള്‍ എന്നിവ നിര്‍മ്മിച്ചുമാണ് റോഡ് നവീകരിക്കുവാന്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡിനുള്ളത്. സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭിച്ച റോഡ് മൂവാറ്റുപുഴ സ്വദേശിയാണ് കരാര്‍ എടുത്തത്. നിര്‍മ്മാണ ആരംഭത്തില്‍
തന്നെ കരാറുകാരുടെ ഭാഗത്ത് വീഴ്ചയാണ് ഉണ്ടായത്.

പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായ് ഉപയോഗിക്കുന്ന പൈപ്പ് ലൈന്‍ പൊട്ടിയത് നന്നാക്കുന്നതിലും വീഴ്ചയാണ് വരുത്തിയത്. ചെത്തോങ്കര മുതല്‍ മേലേപ്പടി വരെ റോഡിന്റ സംരക്ഷണ ഭിത്തിയും കലുങ്കും നിര്‍മ്മിച്ചതല്ലാതെ റോഡില്‍ യാതൊരു നിര്‍മ്മാണവും നടത്തിയിട്ടില്ല. ഇവിടെ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.

മേലേപ്പടി മുതല്‍ റോഡ് അവസാനിക്കുന്ന ഭാഗം വരെ മെറ്റല്‍ നിരത്തിയിരിക്കുന്നു. മഴക്കാലത്ത് ഇവ ഒഴുകി പോയിട്ടുമുണ്ട്. ഇതു വഴിയുള്ള യാത്ര ദുരിത പൂര്‍ണമാണ്. ഇതിനിടയിലെ നിര്‍മ്മാണത്തിനെത്തിച്ച ട്രാക്ടറിന്റെ ടയര്‍ കുത്തിപ്പൊളിച്ചതും കാലതാമസം നേരിടാന്‍ കാരണമായി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് രണ്ടിനാണ് നിര്‍മ്മാണോദ്ഘാടനം നടത്തിയത്.
ഒരു വര്‍ഷം പിന്നിട്ടിട്ടും പാതി വഴിയില്‍ എത്തി നില്‍ക്കുന്നു. ഇഴഞ്ഞു നീങ്ങിയ റോഡിലൂടെ സഞ്ചരിച്ച നിരവധി പേര്‍ക്ക് അപകടം സംഭവിച്ചു. റോഡിന്റ നിര്‍മ്മാണം തടസപ്പെട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ യാത്രാ ദുരിതമനുഭവിക്കുന്നു. റീബില്‍ഡ് കേരള പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് റോഡിന്റ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിച്ച് ശക്തമായ പ്രത്യക്ഷ സമരത്തിലേക്ക്
ഇറങ്ങുമെന്ന് റോഡ് നിര്‍മ്മാണ ജനകീയ സമതി ഭാരവാഹികളായ ഫാ. ജിജി മാത്യൂസ്, അനു ടി. ശാമുവേല്‍, കെ.കെ സുരേന്ദ്രന്‍, വര്‍ഗീസ് ജോര്‍ജ്,
അഡ്വ. ഷിജു ജോര്‍ജ് , ഷിബു താന്നിമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…