പത്തനംതിട്ട: ഒന്നര വര്‍ഷം നീണ്ട അജ്ഞാതവാസത്തിലേക്ക് തന്നെ നയിച്ച കാര്യങ്ങള്‍ തുറന്നു പറയുകയാണ് പരുത്തിപ്പാറയിലെ പരേതന്‍ നൗഷാദ്. ഭാര്യ അഫ്‌സാന മര്‍ദിച്ചവശനാക്കി നിലത്തിട്ടു. അവിടെ വീണു കിടക്കുന്നതിനിടെ അവള്‍ സുഹൃത്തുക്കളെയും വിളിച്ചു കൊണ്ടു വന്നു തന്നെ നോക്കി. മരണാസന്നനായി കിടക്കുന്നുവെന്ന് കരുതി അവര്‍ എല്ലാവരും കൂടി സ്ഥലം വിട്ടു. ഇനി ഇവിടെ നിന്നാല്‍ ജീവന് ആപത്താണെന്ന് അപ്പോള്‍ തോന്നി. രാവിലെ എണീറ്റപ്പോള്‍ അഫ്‌സാനയെ കാണാനില്ല. തന്നെ ശരിപ്പെടുത്താന്‍ കൂടുതല്‍ ആളെ വിളിക്കാന്‍ പോയെന്ന് കരുതിയാണ് വീട് വിട്ടത്. അടൂര്‍ ടൗണില്‍ തന്നെ രണ്ടു ദിവസം കറങ്ങി നടന്നു. വീടിന് സമീപമുള്ള ഒരു അമ്മയോട് കാര്യം പറഞ്ഞിരുന്നു.
കുട്ടികളെ കാണണം എന്ന ആഗ്രഹമാണ് ഇപ്പോള്‍ നൗഷാദ് മുന്നോട്ടു വയ്ക്കുന്നത്. മൂത്ത കുട്ടിക്ക് അഞ്ചരവയസുണ്ട്. അതിനായി അഫ്‌സാനയുടെ വീട്ടിലേക്ക് പോകില്ല. അവിടെ ചെല്ലുമ്പോള്‍ പ്രതികരണം എങ്ങനെ ആകുമെന്ന് അറിയില്ല. അതു കൊണ്ടാണ് കൂടല്‍ പൊലീസിനോട് ആവശ്യം അറിയിച്ചിട്ടുണ്ട്. അവര്‍ അതിനായുളള സൗകര്യം ക്രമീകരിച്ചു തരുമെന്നാണ് വിശ്വസിക്കുന്നതെന്നും നൗഷാദ് പറഞ്ഞു. ഇനി ഇവിടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. തൊടുപുഴയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മടങ്ങും. അവിടെ ഒരു പാട് ജോലി ബാക്കിയുണ്ട്.
പാടത്തെ വീട്ടിലാണ് നൗഷാദ് ഇപ്പോഴുള്ളത്. തൊടുപുഴയില്‍ നിന്ന് ഇന്നലെ കണ്ടു പിടിച്ച നൗഷാദിനെ മിസിങ് കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കി വീട്ടുകാര്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. അതിനിടെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന അഫ്‌സാനയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ എതിര്‍ക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.