
കൂടല്‍:വയോധികയുടെ രണ്ടു പവന്റെ മാല കഴുത്തില്‍ നിന്നും പൊട്ടിച്ചോടിയ മോഷണം, കവര്‍ച്ച ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കഞ്ചോട് പുത്തന്‍പുര കിഴക്കേതില്‍ മേരിക്കുട്ടി മാത്യു(76) വിന്റെ മാലയാണ് മോഷ്ടാവ് കവര്‍ന്നത്. മുമ്പും മോഷണക്കേസുകളില്‍ പ്രതിയായിട്ടുള്ള കഞ്ചോട് സ്വദേശി അനൂപാണ് പിടിയിലായത്. രാവിലെകുളിക്കാന്‍ വെള്ളം തിളപ്പിച്ചെടുത്ത് അടുക്കള വാതിലിലൂടെ മേരിക്കുട്ടി പുറത്തേക്കിറങ്ങുമ്പോഴാണ് അയല്‍വാസിയായ പുത്തന്‍ വീട്ടില്‍ എസ്. അനൂപ് (22) എത്തി മാല പറിച്ചോടിയത്. മാലയ്ക്ക് 1,40,000 രൂപ വിലവരും. കവിളില്‍ അടിച്ച ശേഷമാണ് മാല മോഷ്ടിച്ചത്. പിടിവലിക്കിടയില്‍ തിളച്ച വെള്ളം ഇവരുടെ കൈകാലുകളിലും ദേഹത്തും വീണു പൊള്ളലേറ്റു. മാല പൊട്ടിച്ചെടുത്തപ്പോള്‍ കഴുത്തിന്റെ ഇടതുവശത്ത് മോഷ്ടാവിന്റെ നഖം കൊണ്ട് മുറിയുകയും ചെയ്തു. പ്രതിയുടെ ദേഹത്തും ചൂടുവെള്ളം വീണു പൊള്ളലുണ്ടായി.
വീട്ടമ്മയുടെ നിലവിളി കേട്ട് ഭര്‍ത്താവ് ഇറങ്ങിവന്നു. അയല്‍വാസികളും നാട്ടുകാരും ഓടിക്കൂടി. പൊള്ളലേറ്റതിനാലും കഴുത്തില്‍ മുറിവ് ഉണ്ടായതിനാലും പത്തനാപുരത്തെ ഗവണ്മെന്റ് ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ തെരച്ചിലില്‍ മോഷ്ടാവിനെ കഞ്ചോട് നിന്നും കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ സുധീറിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. കവര്‍ച്ച, മോഷണം, കഞ്ചാവ് കടത്തല്‍ സ്ത്രീകളെ അപമാനിക്കല്‍ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനൂപ്. കൂടല്‍, അടൂര്‍, ഏനാത്ത്, പുനലൂര്‍ പോലീസ് സേ്റ്റഷനുകളിലാണ് ഇയാള്‍ക്ക് നിലവില്‍ ക്രിമിനല്‍ കേസുകളുള്ളത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ് ഐ ആര്‍ അനില്‍ കുമാര്‍, സി പി ഓമാരായ പ്രവീണ്‍, ടെന്നിസണ്‍ എന്നിവരും ഉണ്ടായിരുന്നു.