മാലിന്യം കുമിഞ്ഞു കൂടി മൗണ്ട് എവറസ്റ്റ്: നീക്കാനൊരുങ്ങി നേപ്പാള്‍

2 second read
Comments Off on മാലിന്യം കുമിഞ്ഞു കൂടി മൗണ്ട് എവറസ്റ്റ്: നീക്കാനൊരുങ്ങി നേപ്പാള്‍
0

കാഠ്മണ്ഡു: പുതിയൊരു എവറസ്റ്റ് ട്രക്കിങ് സീസണ്‍ തുടങ്ങാനിരിക്കെ മറ്റൊരു ഹിമാലയന്‍ പ്രയത്‌നത്തിലാണ് കൊടുമുടി സ്ഥിതിചെയ്യുന്ന രാജ്യമായ നേപ്പാള്‍. എവറസ്റ്റില്‍ കുന്നുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് നേപ്പാളിന്റെ തീരുമാനം. നേരത്തെയും എവറസ്റ്റില്‍ നിന്ന് ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു.

ബഹുരാഷ്ട്ര കമ്ബനിയായ യൂണിലിവറുമായി സഹകരിച്ചാണ് നേപ്പാള്‍ സൈന്യം ഇത്തവണ എവറസ്റ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. 12 സൈനികരും 18 ഷെര്‍പ്പകളും അടങ്ങുന്ന സംഘമാണ് മാലിന്യങ്ങള്‍ ശേഖരിക്കാനായി എവറസ്റ്റ് കയറുക. ഇവര്‍ ഏപ്രില്‍ 14 ന് ബേസ് ക്യാമ്ബിലെത്തി എവറസ്റ്റിലേക്ക് പ്രവേശിക്കും. മാലിന്യങ്ങള്‍ക്ക് പുറമെ എവറസ്റ്റില്‍ കാലങ്ങളായി കിടക്കുന്ന അഞ്ച് മൃതശരീരങ്ങളും നീക്കം ചെയ്യലാണ് സംഘത്തിന്റെ ലക്ഷ്യം. എവറസ്റ്റ് കയറാനുള്ള ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച പര്‍വതാരോഹകരുടെ മൃതശരീരങ്ങളാണ് ഇവ. കഴിഞ്ഞ സീസണില്‍ മാത്രം 12 പര്‍വതാരോഹകരാണ് എവറസ്റ്റില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പലരുടെയും മൃതശരീരം നീക്കം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

സമീപകാലത്ത് നേപ്പാള്‍ ഭാഗത്തുകൂടി എവറസ്റ്റ് കീഴടക്കാനെത്തുന്ന പര്‍വതാരോഹകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ 478 പേര്‍ക്കാണ് നേപ്പാള്‍ സര്‍ക്കാര്‍ എവറസ്റ്റ് കീഴടക്കാനുള്ള പാസ് നല്‍കിയത്. ഈ പര്‍വതാരോഹകരോടൊപ്പം ഷെര്‍പ്പകളും സഹായത്തിനുള്ള ആളുകളും എവറസ്റ്റിലെത്തുന്നു. എവറസ്റ്റില്‍ ഇത്തരത്തില്‍ ആള്‍ക്കൂട്ടം രൂപപ്പെടുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എവറസ്റ്റ് മാലിന്യക്കൂമ്ബാരമാകുന്നതും അപകടങ്ങള്‍ വ്യാപകമാകുന്നതും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് നേപ്പാള്‍ എവറസ്റ്റില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

പര്‍വതാരോഹകര്‍ ഉപേക്ഷിക്കുന്ന സിലിണ്ടറുകള്‍, കയറുകള്‍, ബാഗുകള്‍, വസ്ത്രങ്ങള്‍, കാനുകള്‍ തുടങ്ങിയവയാണ് എവറസ്റ്റില്‍ മാലിന്യക്കൂമ്ബാരങ്ങള്‍ സൃഷ്ടിക്കുന്നത്. പര്‍വതാരോഹകര്‍ തന്നെ പകര്‍ത്തുന്ന ഇവയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ നേപ്പാള്‍ തീരുമാനിച്ചത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ പര്‍വതാരോഹകര്‍ക്ക് ഇലക്ട്രോണിക് ചിപ്പുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.

70 വര്‍ഷം മുന്‍പാണ് ഭൂമിയുടെ നെറുകയെന്ന വിശേഷണമുള്ള എവറസ്റ്റ് കൊടുമുടിയില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയത്. 1953 മേയ് 29-നാണ് നേപ്പാള്‍ സ്വദേശി ടെന്‍സിങ് നോര്‍ഗെയും ന്യൂസീലന്‍ഡ് സ്വദേശിയായ എഡ്മണ്ട് ഹിലാരിയും ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി എവറസ്റ്റ് കീഴടക്കിയത്. ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പര്യവേക്ഷണസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. സംഘത്തിന്റെ ഒമ്ബതാമത്തെ ശ്രമത്തിലാണ് വിജയം നേടിയത്. ഇപ്പോള്‍ നേപ്പാള്‍ ഭാഗത്ത് നിന്നും ചൈന ഭാഗത്ത് നിന്നുമായി ഏതാണ്ട് എണ്ണൂറോളം പര്‍വതാരോഹകരാണ് എല്ലാ വര്‍ഷവും എവറസ്റ്റ് കയറാനെത്തുന്നത്.

നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തിയിലായി ഹിമാലയന്‍ മലനിരകളിലാണ് എവറസ്റ്റ് സ്ഥിതിചെയ്യുന്നത്. നേപ്പാളില്‍ സാഗര്‍മാത എന്നും ടിബറ്റില്‍ ചൊമോലുങ്മ എന്ന പേരിലുമാണ് അറിയപ്പെടുന്നു. ‘പീക്-15’ എന്നായിരുന്നു ആദ്യപേര്. 1865ല്‍ ഇന്ത്യയില്‍ സര്‍വേയര്‍ ജനറലായ ആന്‍ഡ്രൂ വോയാണ് കൊടുമുടിക്ക് എവറസ്റ്റ് എന്ന പേരുനല്‍കിയത്. സര്‍ ജോര്‍ജ് എവറസ്റ്റിന്റെ സ്മരണാര്‍ഥമായിരുന്നു ഇത്. എവറസ്റ്റ് പെര്‍മിറ്റ് എടുക്കുന്നതിന് മാത്രം വിദേശികള്‍ക്ക് 9 ലക്ഷം രൂപയോളം ചിലവ് വരും. ഏകദേശം നാല്‍പ്പത് ലക്ഷം മുതല്‍ 70 ലക്ഷം വരെയാണ് എവറസ്റ്റ് കീഴടക്കുന്നതിന് ഒരു പര്‍വതാരോഹകന് വരുന്ന ചെലവ്.

 

Load More Related Articles
Load More By Veena
Load More In WORLD
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…