ഇടുക്കി: കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഉടല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രതീഷ് രഘുനന്ദന്‍. തന്റെ അടുത്ത ചിത്രം അനശ്വര നടന്‍ സത്യന്റെ ബയോപിക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോഴിതാ ദിലീപിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന തങ്കമണി ദി ബ്ലീഡിങ് വില്ലേജ് എന്ന ചിത്രത്തിന്റെ മോഷന്‍ േപുറത്തിറങ്ങിയിരിക്കുന്നു. സൂപ്പര്‍ഗുഡ് ഫിലിംസിന് വേണ്ടി നടന്‍ ജീവയുടെ പിതാവ് ആര്‍ബി ചൗധരിയാണ് സിനിമ നിര്‍മിക്കുന്നത്.
മോഷന്‍ പോസ്റ്റര്‍ ഒരുഗാനത്തിന്റെ അകമ്പടിയോടെയാണ് വന്നിരിക്കുന്നത്. ഈ ഗാനത്തിന്റെ വരികളില്‍ ചിലത് വിവാദമായിരിക്കുന്നു. തങ്കമണിയിലെ സ്ത്രീകളെ അധിക്ഷേപിക്കുന്നതാണ് ചിത്രമെന്ന് ആരോപിച്ച് അന്നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുകയാണ്. പെണ്ണിന്റെ പേരല്ല തങ്കമണി എന്ന് തുടങ്ങുന്ന ഗാനമാണ് വിവാദമായിരിക്കുന്നത്.
പാതിരാ നേരത്ത് കാരിരുള്‍ കൈയുമായ് കാക്കി കൂത്താടിയ തങ്കമണി
ലാത്തിക്കും രാത്രിക്കും പേ പിടിച്ചു നല്ല നാടിന്റെ നട്ടെല്ല് തച്ചുടച്ചു
മാനം കവര്‍ന്നവര്‍ ചോര മോന്തി മേലെ വാനം മനംനൊന്ത് കണ്ണുപൊത്തി
എന്നിങ്ങനെയുള്ള ഗാനം തങ്കമണിയിലെ സ്ത്രീകളെ അധിക്ഷേപിക്കുന്നതാണെന്നും ചിത്രത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മാധ്യമപ്രവര്‍ത്തകനായ വിആര്‍ ബിജു പറയുന്നു. കേട്ടുകേഴ്‌വികളുടെ അടിസ്ഥാനത്തില്‍ നാടിനെ ആക്ഷേപിച്ചാല്‍ വിവരമറിയുമെന്നാണ് ബിജു പറയുന്നത്. സിനിമയ്ക്ക് എതിരേ കോടതിയെ സമീപിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.
എണ്‍പതുകളില്‍ ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ ബസ് റൂട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പിന്നീട് കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച തങ്കമണി സംഭവമായി മാറിയത്. കേരളത്തിലെ പൊലീസ് ക്രൂരതകളുടെ ഏറ്റവും വലിയ ഉദാഹരണമായി ഇപ്പോഴും തങ്കമണി സംഭവം പലരും ചൂണ്ടിക്കാണിക്കാറുണ്ട്.
1986 ഒക്ടോബര്‍ 21 നായിരുന്നു സംഭവങ്ങളുടെ തുടക്കം. കാമാക്ഷി പഞ്ചായത്തിലെ തങ്കമണി ഗ്രാമത്തില്‍ ഒരു സ്വകാര്യ ബസിന്റെ റൂട്ട് സര്‍വീസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കട്ടപ്പന-തങ്കമണി റൂട്ടില്‍ പാറമടയില്‍ നിന്നും തങ്കമണി വരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു. അതിനാല്‍ കട്ടപ്പനയില്‍ നിന്നും തങ്കമണിയിലേക്ക് സര്‍വീസ് നടത്തുന്ന മിക്ക ബസുകളും പാറമട കഴിയുമ്പോള്‍ ആളുകളെ അവിടെ ഇറക്കി വിടുകയായിരുന്നു പതിവ്. എന്നാല്‍ തങ്കമണി വരെയുള്ള പണം ഈടാക്കിയിരുന്നു. ഇതില്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷവുമാണ്ടായിരുന്നു. പ്രത്യേകിച്ചും സ്ഥിരമായി യാത്ര ചെയ്യുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്.
ഒരിക്കല്‍ പതിവു പോലെ തങ്കമണി റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ‘എലൈറ്റ്’ എന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ യാത്രക്കാരെ പാറമടയില്‍ ഇറക്കി വിട്ടപ്പോള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി ചോദ്യം ചെയ്തത് വാക്കു തര്‍ക്കമായി. ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് ബസില്‍ നിന്നും പുറത്താക്കി. വിവരമറിഞ്ഞ പ്രദേശവാസികള്‍ അടുത്ത ദിവസം ബസ് തടയുകയും ബലം പ്രയോഗിച്ച് തങ്കമണിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ ആക്രമിച്ച ജീവനക്കാര്‍ മാപ്പ് പറയാതെ ബസ് തിരികെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ നിലപാട് എടുത്ത് തങ്കമണിയില്‍ സംഘടിക്കുകയും ചെയ്തു.
പ്രകോപിതനായ ഉടമ ദേവസ്യ പൊലീസുമായെത്തി ബസ് ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. പൊലീസ് നാട്ടുകാര്‍ക്ക് നേരെ ലാത്തിവീശി. ജനങ്ങള്‍ തിരിച്ച് കല്ലെറിഞ്ഞു. പോലീസുകാര്‍ കൂടുതല്‍ പ്രകോപിതരായി.
പഞ്ചായത്ത് പ്രസിഡന്റ് മാത്യു മത്തായി തേക്കമലയും തങ്കമണി സീറോ മലബാര്‍ സഭ വികാരി ഫാ. ജോസ് കോട്ടൂരും അന്ന് പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഐ.സി. തമ്പാനുമായി ചര്‍ച്ച നടത്തി.
പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തമ്പാന്‍ വഴങ്ങിയില്ല. തമ്പാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിറ്റേ ദിവസം തങ്കമണിയിലെത്തുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്ക് നേരെ വെടിവയ്ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. വെടിവെപ്പില്‍ കോഴിമല അവറാച്ചന്‍ എന്നയാള്‍ സംഭവസ്ഥലത്ത് മരിച്ചു. ഉടുമ്പയ്ക്കല്‍ മാത്യുവിന് ഇരു കാലുകളും നഷ്ടപ്പെടുകയും ചെയ്തു. പരിഭ്രാന്തരായ നാട്ടുകാര്‍ പലയിടങ്ങളിലായി സംഘടിച്ചു. ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നായി നിരവധി വാഹനങ്ങളില്‍ നൂറുകണക്കിന് പൊലീസുകാര്‍ വൈകിട്ടോടെ വീണ്ടും തങ്കമണിയില്‍ വന്നിറങ്ങി.
സര്‍വ സന്നാഹങ്ങളുമായെത്തിയ പൊലീസുകാര്‍ കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്ത് കട്ടപ്പന പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസുകാര്‍ സംഘങ്ങളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ കയറിയിറങ്ങി വാതിലുകള്‍ ചവിട്ടിത്തുറന്നു. പൊലീസിന്റെ തേര്‍വാഴ്ചയില്‍ ഭയന്ന പ്രദേശത്തെ പുരുഷന്മാര്‍ കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു രക്ഷപ്പെട്ടു. വീടുകളില്‍ സ്ത്രീകളും കുട്ടികളും തനിച്ചായി. ഇവിടെ കടന്നു കയറിയ പൊലീസുകാര്‍ സ്ത്രീകളെ അപമാനിച്ചുവെന്നാണ് പിന്നീട് പുറത്തു വന്ന വാര്‍ത്തകള്‍.
പൊലീസ് കസ്റ്റഡിയിലെടുത്ത് കട്ടപ്പനയിലേക്ക് കൊണ്ടുപോയ പുരുഷന്‍മാരും അതിക്രൂരമായ മൂന്നാംമുറയടക്കമുള്ള മര്‍ദനങ്ങള്‍ക്കിരയായിരുന്നു. ‘തങ്കമണി വെടിവെപ്പ്’ എന്നും ‘തങ്കമണി കൂട്ടബലാത്സംഗം’ എന്നുമാണ് സംഭവം പിന്നീട് അറിയപ്പെട്ടത്. എലൈറ്റ് ബസിന്റെ ഉടമയായിരുന്ന ദേവസ്യ (എലൈറ്റ് ദേവസ്യ) സാമ്പത്തികമായി തകര്‍ന്നതിനെ തുടര്‍ന്ന് കുമളി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ താല്ക്കാലിക ജീവനക്കാരനായി ജോലി നോക്കി. ഈ കാലയളവിലാണ് സൂര്യനെല്ലി പീഡന കേസില്‍ ദേവസ്യ മുഖ്യ പ്രതിയുമായി.
സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഡി. ശ്രീദേവിയെ കമ്മിഷനായി നിയമിച്ചു. കമ്മിഷന്റെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. പെലീസ് മാനഭംഗത്തിനിരയാക്കിയെന്ന് കമ്മിഷന് സ്ത്രീകള്‍ മൊഴി നല്‍കി. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ നടപടി കാര്യമായി ഉണ്ടായില്ലായെന്നതാണ് വസ്തുത.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി
1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് തങ്കമണിയില്‍ വെടിവെപ്പുണ്ടായത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. കെ കരുണാകരനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി. തങ്കമണി വെടിവെപ്പ് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടാക്കിയത്. ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു.
അന്ന് പുറത്തു പ്രചരിച്ച കഥകള്‍ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ സിനിമ എടുക്കുന്നതെങ്കില്‍ അത് നാടിന് അപമാനകരമാണെന്നും തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേ വിഷയത്തില്‍ 1987 മേയ് 15 ന് ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. എസ്എല്‍ പുരം രചിച്ച ഇതാ സമയമായി എന്ന ചിത്രം പി.ജി.വിശ്വംഭരനാണ് സംവിധാനം ചെയ്തത്. രതീഷ്, ശാരി, ജഗതി, ഇന്നസെന്റ് എംജി സോമന്‍, രോഹിണി എന്നിവരാണ് അഭിനയിച്ചത്.