ഒന്നര വര്‍ഷത്തിന് ശേഷം സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ പച്ച തെളിഞ്ഞു: ജില്ലാ ആസ്ഥാനത്തെ ഗതാഗതം ഇനിയെങ്കിലും പച്ച പിടിക്കുമോ?

0 second read
Comments Off on ഒന്നര വര്‍ഷത്തിന് ശേഷം സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ പച്ച തെളിഞ്ഞു: ജില്ലാ ആസ്ഥാനത്തെ ഗതാഗതം ഇനിയെങ്കിലും പച്ച പിടിക്കുമോ?
0

പത്തനംതിട്ട: നഗരത്തില്‍ ഒന്നര വര്‍ഷമായി പൊളിഞ്ഞുകിടന്ന ട്രാഫിക് സിഗ്‌നല്‍ സംവിധാനം ആധുനികസൗകര്യങ്ങളോടെ പുനഃസ്ഥാപിച്ചു. തിരക്കേറിയ സെന്റ് പീറ്റേഴ്‌സ് ജങ്ഷനിലെ സിഗ്‌നല്‍ സംവിധാനമാണ് ജില്ലാ പോലീസ് മേധാവിയുടെ ഇടപെടലിനെത്തുടര്‍ന്ന് പുതിയ സവിശേഷതകളോടെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്.

പോസ്റ്റുകള്‍ ഒടിഞ്ഞുവീഴാവുന്ന നിലയും റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്ന സ്ഥിതിയും ജില്ലാ പോലീസ് റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പോസ്റ്റുകളുടെ അപകടാവസ്ഥയ്ക്ക് പുറമെ ലൈറ്റുകള്‍ കത്താതെയും വയറുകളെല്ലാം മുറിഞ്ഞ നിലയിലുമായിരുന്നു. സിഗ്‌നല്‍ സംവിധാനത്തിലെ എല്ലാ ഭാഗങ്ങളും പുതുക്കി പുനസ്ഥാപിച്ചു.

പുതിയ പോസ്റ്റുകള്‍ ഇട്ടും ലൈറ്റുകള്‍ പിടിപ്പിച്ചും കണ്‍ട്രോള്‍ പാനല്‍ മാറ്റിയും പുത്തന്‍ പ്രവര്‍ത്തനരീതികള്‍ അവലംബിച്ചും ആധുനിക രൂപത്തിലാക്കി. സംവിധാനം പുനസ്ഥാപിച്ച ശേഷം ട്രയല്‍ റണ്‍ നടത്തുകയും ചെയ്തു. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ സിഗ്‌നല്‍ പ്രവര്‍ത്തന സജ്ജമാകുന്ന നിലയിലായിക്കഴിഞ്ഞു.

തിരക്കേറിയ സമയങ്ങള്‍ ഉള്‍പ്പെടെ പല സമയങ്ങളില്‍ പല രീതികളില്‍ ഇനിമുതല്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഓരോ ദിവസവും ഓരോ റോഡിലും പല തരത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന മേന്‍മയുമുണ്ട്. ഓരോ നിരത്തിനും വ്യത്യസ്തമായ സമയം(സെക്കന്റുകള്‍) സെറ്റ് ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. റോഡിന്റെ ആവശ്യമനുസരിച്ച് സമയക്രമീകരണം നടത്താനാവും. പ്രവര്‍ത്തനരീതിയിലും മറ്റും മുമ്പുണ്ടായിരുന്ന ന്യൂനതകളും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു.

മൈലപ്ര റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ ഹൈമാസ്റ്റ് ലൈറ്റ് ചുറ്റാതെ വലത് തിരിഞ്ഞു തിരുവല്ല റോഡില്‍ പോകാവുന്നതാണ്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കാം. നേരെയും വലത്തും വേവ്വേറെയായാണ് പുതിയ സിഗ്‌നല്‍ സംവിധാനത്തില്‍ കൊടുത്തിരിക്കുന്നത്. 24 മണിക്കൂറും പ്രോഗ്രാം ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് കണ്‍ട്രോള്‍ പാനല്‍ സജ്ജമാക്കിയിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ നിലയില്‍ പ്രോഗ്രാം ചെയ്യാനും കഴിയും. രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് എട്ട് വരെയുള്ള ഒറ്റ പ്ലാനില്‍ ഒരു പ്രോഗ്രാമാണ് ട്രയല്‍ റണ്ണിനെ തുടര്‍ന്ന് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതെന്നും, നാളെ മുതല്‍ ഇതുപ്രകാരം എല്ലാ വാഹനങ്ങളും പോകേണ്ടതാണെന്നും മികച്ച ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാകുന്നതിന് എല്ലാവരും ട്രാഫിക് സിഗ്‌നല്‍ അനുസരിച്ച് വാഹനങ്ങള്‍ ഓടിക്കണമെന്നും ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ജില്ലാ പോലീസിന്റെ നോഡല്‍ ഓഫീസറായ, ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ എ വിദ്യാധരന്‍ പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…