
അടൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും എഴുപതിനായിരം രൂപ പിഴയും. മൂന്നാളും പ്ലാമുറ്റത്ത് വീട്ടില്‍ വിഷ്ണു (ബൈജു-33) വിനെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് കഠിന തടവിനും പിഴയൊടുക്കാനും ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ഒമ്പതു മാസം അധിക തടവ് അനുഭവിക്കണം. 2022 ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അതിജീവിത താമസിച്ചിരുന്ന വാടകവീട്ടിലെ ബാത്‌റൂമിന്റെ ഓട് പൊളിച്ച് അകത്ത് കറിയ വിഷ്ണു ബെഡ്‌റൂമിലെത്തി ഉറങ്ങിക്കിടന്ന കുട്ടിയുടെ മേല്‍ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ബഹളം വയ്ക്കുകയും വിഷ്ണു അവിടെ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. എസ്.ഐ ആയിരുന്ന കെ.എസ്. ധന്യയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി.