ന്യൂഡല്‍ഹി: മാറ്റങ്ങള്‍ ഇല്ലാത്ത പണനയം റിസര്‍വ് ബാങ്ക് ഇന്നു പ്രഖ്യാപിച്ചു. ഓഹരിവിപണി നയത്തോട് അനുകൂലമായി പ്രതികരിച്ചു. നയപ്രഖ്യാപനത്തിനു ശേഷം ഓഹരി സൂചികകള്‍ അല്‍പം ഉയര്‍ന്നു.
നിരക്കുകളിലും സമീപനത്തിലും മാറ്റം വേണ്ട എന്ന് പണനയ കമ്മിറ്റി തീരുമാനിച്ചു. ഒന്നിനെതിരേ അഞ്ചു വോട്ടിനാണു തീരുമാനം. റീപോ നിരക്ക് (വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശ) 6.5 ശതമാനത്തില്‍ തുടരും. മറ്റു താക്കോല്‍ നിരക്കുകളിലും മാറ്റമില്ല.
പണലഭ്യത സംബന്ധിച്ച സമീപനത്തിലും മാറ്റമില്ല എന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. 2024-25 വര്‍ഷം ജി.ഡി.പി വളര്‍ച്ച എഴു ശതമാനമാകും എന്നു റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. ഒന്നാം പാദത്തില്‍ 7.1 (നേരത്തേ കണക്കാക്കിയത് 7.2), രണ്ടാം പാദത്തില്‍ 7.1(72), മൂന്നാം പാദത്തില്‍ 7.0 (7.0), നാലാം പാദത്തില്‍ 7.0(6.9) എന്നിങ്ങനെയാകും വളര്‍ച്ച.