പത്തനംതിട്ട: എം.ജി സര്‍വകലാശാലയുടെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരാവകാശ അപേക്ഷയില്‍ നടപടിക്രമങ്ങള്‍ പാലിച്ച് മറുപടി നല്‍കിയില്ല എന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍. പരീക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായുള്ള അപേക്ഷയില്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്ന മറുപടിക്ക് ന്യായീകരണം ഇല്ലെന്നും കമ്മിഷണര്‍ ഉത്തരവില്‍ പറഞ്ഞു.
പാരലല്‍ കോളേജ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ആര്‍.അശോക് കുമാര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18 ന് മഹാത്മാഗാന്ധി സര്‍വകലാശാല സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ നിയമ പ്രകാരം സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി നല്‍കിയ അപേക്ഷയില്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. 2016 അഡ്മിഷന്‍ റെഗുലറിലെയും പ്രൈവറ്റിലെയും ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒന്നു മുതല്‍ ആറു വരെയുള്ള സെമസ്റ്റര്‍ പരീക്ഷ എഴുതുവാന്‍ റെഗുലറും റിപ്പീറ്റുമായി എത്ര അവസരങ്ങള്‍ എന്നൊക്കെ നല്‍കി എന്നത് സംബന്ധിച്ചും രണ്ട് വിദ്യാര്‍ത്ഥികളുടെ കോഴ്‌സ് ക്യാന്‍സല്‍ ചെയ്യിച്ച വിവരങ്ങളും
അറിയുന്നതിനായിരുന്നു അപേക്ഷ.
പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാലയില്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ വിവരം നല്‍കുവാന്‍ നിര്‍വാഹമില്ല എന്നാണ് ലഭിച്ച മറുപടി. തുടര്‍ന്ന് അപേക്ഷകന്‍ പ്രൊ വൈസ് ചാന്‍സലര്‍ക്ക് അപ്പീല്‍ അപേക്ഷ നല്‍കിയെങ്കിലും ഇദ്ദേഹവും ആദ്യ മറുപടി ശരി വയ്ക്കുകയായിരുന്നു. വിവരാവകാശനിയമ പ്രകാരമുള്ള മറുപടി അല്ല തനിക്കു ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി അശോക് കുമാര്‍ സംസ്ഥാന വിവരാവകാശ കമ്മിഷണറെ സമീപിച്ചു.
തുടര്‍ന്നാണ് എംജി യൂണിവേഴ്‌സിറ്റിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷകന് നല്‍കിയ മറുപടി ന്യായീകരിക്കത്തക്കതല്ലെന്നും കൃത്യവും വ്യക്തവുമായ മറുപടി 10 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ പി.ആര്‍. ശ്രീലത ഉത്തരവിട്ടത്.