പത്തനംതിട്ട: ഗവ. നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികളുടെ യാത്രാസൗകര്യത്തിന് വാന്‍ ഉണ്ടെന്നാണ് വയ്പ്. അതു കടലാസിലാണെന്ന് മാത്രം. പക്ഷേ, വിദ്യാര്‍ഥികള്‍ ഇല്ലാത്ത വാനിന് ഫീസ് നല്‍കണം! വിദ്യാര്‍ഥികള്‍ സ്വന്തം പണം മുടക്കി ബസില്‍ പോയിട്ട് വേണം കോളജിലെ ഇല്ലാത്ത വാനിന് ഫീസ് നല്‍കാന്‍.
പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്. നഴ്‌സിങ് കോളജിന് സ്വന്തമായി ബസ് ഇല്ലാതെ വിദ്യാര്‍ഥികള്‍ വലയുമ്പോഴാണ് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വാന്‍ ഫീസായി 1740 രുപയാണ് ഓരോ കുട്ടിയും നല്‍കണ്ടേത്. ഇല്ലാത്ത വാനിന് തങ്ങള്‍ എന്തിന് ഫീസ് നല്‍കണമെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. ട്യൂഷന്‍ ഫീസ്-17370, ഇതര ഫീസ്-1740, വാന്‍ ഫീസ്-1740 എന്നിവ ഉള്‍പ്പെടെ മൊത്തം 20850 രൂപയാണ് മൂന്നും നാലും സെമസ്റ്ററില്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഡിസംബര്‍ 31 ന് മുമ്പ് തുക അടച്ചില്ലെങ്കില്‍ പിഴയുമുണ്ട്. കുട്ടികള്‍ പഠന ആവശ്യത്തിന് കോന്നി മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ബസില്‍ പോകുന്നത് സ്വന്തം കൈയിലെ കാശു മുടക്കിയാണ്.
ബസ് ഉള്‍പ്പെടെ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ കുട്ടികള്‍ ദുരിതം അനുഭവിക്കുകയാണിവിടെ. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തിട്ടും ഫലം കണ്ടില്ല. കോളജ് റോഡിലെ വാടക കെട്ടിടത്തിലാണ് നഴ്‌സിങ് കോളജ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സ്ഥല സൗകര്യമുള്ള കെട്ടിടം കണ്ടെത്തുമെന്ന് അധികൃതര്‍ പറഞ്ഞിട്ടും നടപടിയുണ്ടായില്ല. സമരത്തെ തുടര്‍ന്ന് ബസ് അനുവദിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ട് അതും ഉണ്ടായില്ല. രണ്ടാം ബാച്ച് കൂടി എത്തിയതോടെ കുട്ടികളുടെ ദുരിതം ഇരട്ടിച്ചു. രണ്ടും ബാച്ചിലും കൂടി മൊത്തം 120 കുട്ടികളാണുള്ളത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം കോന്നി മെഡിക്കല്‍ കോളജില്‍ അനാട്ടമി ക്ലാസുണ്ട്. ഈ ദിവസങ്ങളിലാണ് രണ്ടാം വര്‍ഷക്കാര്‍ക്ക് കോളജില്‍ ക്ലാസ് നടത്തുന്നത്. ബാക്കിയുള്ള നാല് ദിവസം രണ്ടാം വര്‍ഷക്കാര്‍ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് നല്‍കുകയാണ്. ഈ സമയം ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കോളേജില്‍ ക്ലാസ് നടക്കും. ഇങ്ങനെ രണ്ടുവര്‍ഷത്തെ വിദ്യാര്‍ഥികളും മാറി മാറി ഒരു ചെറിയ ക്ലാസ്മുറിയാണ് ഉപയോഗിക്കുന്നത്. നിലവിലത്തെ കോളേജ് കെട്ടിടത്തിന്റെ അപര്യാപ്തത മൂലം കുട്ടികള്‍ പല തവണ പരാതികള്‍ നല്‍കി. സമരവും നടത്തിയിരുന്നു. എന്നാല്‍ അന്ന് അധികൃതര്‍ പുതിയ ബാച്ച് എത്തുന്നതോടെ എല്ലാ സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറാമെന്ന വാഗ്ദാനമായിരുന്നു നല്‍കിയിരുന്നത്. പക്ഷേ പുതിയ ബാച്ച് എത്തിയപ്പോഴും അവഗണന തുടരുന്നു.