പ്രഖ്യാപനത്തിന് ചെലവില്ല: ഫണ്ട് ചോദിക്കുമ്പോള്‍ കൈമലര്‍ത്തല്‍: ദേശീയ പാതാ നിലവാരത്തില്‍ നാലു വരി പാത ഒരു സ്വപ്നം മാത്രമാകുമോ?

3 second read
Comments Off on പ്രഖ്യാപനത്തിന് ചെലവില്ല: ഫണ്ട് ചോദിക്കുമ്പോള്‍ കൈമലര്‍ത്തല്‍: ദേശീയ പാതാ നിലവാരത്തില്‍ നാലു വരി പാത ഒരു സ്വപ്നം മാത്രമാകുമോ?
0

പത്തനംതിട്ട: പ്രഖ്യാപനത്തിന് യാതൊരു കുറവുമില്ല. പക്ഷേ, ഫണ്ടെവിടെ എന്ന് മാത്രം ചോദിക്കരുത്. അത്തരത്തിലൊന്നാണ് ദേശീയപാത നിലവാരത്തില്‍ നാലുവരി പാതകള്‍ അടക്കം നിര്‍മിക്കാനുള്ള പദ്ധതി. പ്രഖ്യാപനം വന്നതിന് പിന്നാലെ ഫണ്ടു ലഭ്യതയുടെ കാര്യത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ കൈമലര്‍ത്തുകയാണ്. നിലവിലെ പാതകള്‍ ഉന്നതനിലവാരത്തില്‍ വികസിപ്പിക്കുന്ന പതിവു പദ്ധതികള്‍ നടത്തി ദേശീയ പാത പ്രഖ്യാപനം നടത്തുന്നതൊഴിച്ചാല്‍ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള വികസന പ്രക്രിയയ്ക്കു പണം അനുവദിക്കാന്‍ സര്‍ക്കാരുകള്‍ തയാറല്ല.

ഭരണിക്കാവ് മുണ്ടക്കയം 183 എ ദേശീയപാത, മലയോര മേഖലയിലൂടെയുള്ള നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ എന്നിവയുടെ വികസനമാണ് നിലവില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. രണ്ട് പദ്ധതികളും കേന്ദ്ര
സഹായത്തോടെയാണെങ്കിലും ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുണ്ടാകണം. എന്നാല്‍ പുതിയ പദ്ധതിക്കുള്ള സാമ്പത്തിക ബാധ്യത എത്ര മാത്രമാകുമെന്നതു സംബന്ധിച്ച് ധനവകുപ്പും ആശങ്കയിലാണ്.

116 കിലോമീറ്ററാണ് നിര്‍ദിഷ്ട 183 എ ദേശീയപാതയ്ക്ക് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ദൈര്‍ഘ്യം. കൊല്ലം ജില്ലയില്‍ ആറു കിലോമീറ്റര്‍ മാത്രമേയുള്ളൂ. പത്തനംതിട്ട ജില്ലയില്‍ 82.5 കിലോമീറ്ററും കോട്ടയത്ത് കണമല മുതല്‍ മുണ്ടക്കയം വരെ 27.5 കിലോമീറ്ററുമാണ് ദൂരം. ഇലുവങ്കല്‍ മുതല്‍ പമ്പ വരെ ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ലിങ്ക് റോഡും പ്രഖ്യാപിച്ചിരുന്നു.

കൊല്ലം-ദിണ്ടിഗല്‍ ദേശീയപാത വഴിമാറിയതിനു പിന്നാലെ പത്തനംതിട്ട ജില്ലയ്ക്കുവേണ്ടി പ്രഖ്യാപിച്ച ലിങ്ക് പാതയാണ് ഭരണിക്കാവ്-മുണ്ടക്കയം 183 എ ദേശീയപാത. കൊല്ലം ജില്ലയിലെ ഭരണിക്കാവില്‍ നിന്നാരംഭിച്ച് അടൂര്‍, പത്തനംതിട്ട, മണ്ണാരക്കുളഞ്ഞി, വടശേരിക്കര, പ്ലാപ്പള്ളി വഴി മുണ്ടക്കയത്തെത്തി കൊല്ലം ദിണ്ടിഗല്‍ ദേശീയപാതയുമായി ചേരുന്നതാണ് പദ്ധതി. കൊല്ലത്തു നിന്നാരംഭിച്ച് അഞ്ചാലുംമൂട്, കുണ്ടറ, ഭരണിക്കാവ്, ചാരുംമൂട്, കൊല്ലകടവ്, ചെങ്ങന്നൂര്‍, കോട്ടയം വഴി കെ.കെ റോഡില്‍ കയറുന്നതാണ് 183 ദേശീയപാത. ഇതിനായി പദ്ധതി പ്രഖ്യാപിച്ചെങ്കിലും പിന്നാലെ വന്ന 183 എ ദേശീയപാതയുടെ വികസനം എങ്ങനെ നടത്തുമെന്നു നിശ്ചയമില്ല. ദേശീയ പാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ 25 ശതമാനം വിഹിതം വഹിച്ചു കൊള്ളാമെന്നു സമ്മതം അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ 183 എ ഇല്ല.

നിലവിലുള്ള റോഡ് ദേശീയപാത നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനുള്ള പണമാണ് ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. റോഡ് വീതി കൂട്ടുന്നതിനും ബൈപാസ് നിര്‍മാണത്തിനും ഭൂമി ഏറ്റെടുക്കലിന് ഫണ്ടു തികയില്ല. റോഡു വികസനത്തിന്റെ ആദ്യഘട്ടത്തില്‍ അനുവദിച്ചത് 30.18 കോടി രൂപയാണ്. ഇതുപയോഗിച്ച് ഭരണിക്കാവ് മുതല്‍ നെല്ലിമൂട്ടില്‍പടി വരെയും മുണ്ടക്കയം മുതല്‍ എരുമേലി വരെയും ഉന്നതനിലവാരത്തില്‍ ടാറിങ് നടത്തി. ഭരണിക്കാവ് നെല്ലിമൂട്ടില്‍പ്പടി വരെയുള്ള ഭാഗത്തിന് 13.68 കോടി രൂപയും കണമല എരുമേലി ഭാഗത്തിന് 16.5 കോടി രൂപയും വിനിയോഗിച്ചു. അടുത്ത ഘട്ടമെന്ന നിലയില്‍ കൈപ്പട്ടൂര്‍-പത്തനംതിട്ട പാതയ്ക്ക് എട്ടു കോടിയും മണ്ണാരക്കുളഞ്ഞി-പ്ലാപ്പള്ളി പാതയ്ക്ക് 47 കോടി രൂപയുമാണ് അനുവദിച്ചത്. ഇതുപയോഗിച്ചുള്ള ടാറിങ് ജോലികളും പൂട്ടുകട്ട പാകലുമൊക്കെ ഈ ഭാഗത്തു നടന്നുവരുന്നു.

ദേശീയപാത നിലവാരത്തില്‍ റോഡ് ഉയരുന്നതോടെ നിലവിലുള്ള പാതയില്‍ ചില മാറ്റങ്ങളും ബൈപാസുകളും നിര്‍ദേശിച്ചിരുന്നു. ബൈപാസുകള്‍ക്ക് 45 മീറ്റര്‍ വീതി വരെയാണ് ദേശീയപാത അതോറിറ്റിയുടെ ശിപാര്‍ശ. ഇത്രയും വീതിയില്‍ സ്ഥലം ഏറ്റെടുത്ത് റോഡ് നിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലും സാമ്പത്തിക സഹകരണവും ഉണ്ടാകണം. എന്നാല്‍ നിലവില്‍ ഇതിനുള്ള ശ്രമം ഇല്ല. അടൂര്‍, കൈപ്പട്ടൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട തുടങ്ങിയ ടൗണുകളിലാണ് പ്രധാനമായും ബൈപാസുകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. 183 എ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കലിനു യാതൊരു നടപടിയും ദേശീയ പാത അഥോറിറ്റിയും നടത്തിയിട്ടില്ല.

നിര്‍ദിഷ്ട ദേശീയപാതയ്‌ക്കൊപ്പം തന്നെ സംസ്ഥാന സര്‍ക്കാര്‍ മുന്‍
കൈയെടുത്താണ് എംസി റോഡിനു സമാന്തരമായി പുതുതായി നാലുവരിപ്പാത അങ്കമാലി-തിരുവനന്തപുരം ഗ്രീന്‍ഫീഡ് ഹൈവേ എന്ന പേരില്‍ നിര്‍ദേശിക്കപ്പെട്ടത്. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ ചുമതല ദേശീയപാത അതോറിറ്റി ഓഫീസുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 240 കിലോമീറ്ററും നാലുവരി പാതയുമാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം റോഡു വികസനത്തിനായി ഭൂമി ഏറ്റെടുക്കേണ്ടിവരും. പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നാല് താലൂക്കുകളിലെ ഭൂമിയേറ്റെടുക്കല്‍ ചുമതല ദേശീയപാത അതോറിറ്റി ആലപ്പുഴ ഓഫീസിനാണ് നല്‍കിയിട്ടുള്ളത്. ദേശീയപാത 66ന്റെ സ്ഥലമേറ്റെടുക്കല്‍ ജോലികള്‍ നടത്തിയ ഓഫീസിനാണ് പുതുതായി ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ചുമതല നല്‍കിയിട്ടുള്ളത്. ദേശീയപാത ഭൂമി ഏറ്റെടുക്കലിന് ഇനി 600 കോടി രൂപയെങ്കിലും ആലപ്പുഴ ഓഫീസിന് ആവശ്യമായിട്ടുണ്ട്. പുതിയ സ്ഥലമേറ്റെടുക്കല്‍ നടപടിക്കു നിര്‍ദേശമുണ്ടായപ്പോള്‍ പണത്തിന്റെ ലഭ്യത സംബന്ധിച്ച് ഉത്തരവില്‍ വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള ആറു ജില്ലകളിലെ 13 താലൂക്കുകളിലെ 72 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഭോപ്പാല്‍ ആസ്ഥാനമായുള്ള ഹൈവേ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനം തയാറാക്കിയിട്ടുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ദേശീയപാത അതോറിറ്റിയുടെ കൈവശവുമുള്ളത്.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …