15 വോട്ട് കിട്ടിയില്ല: ജില്ലയില്‍ രണ്ടു മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന് പ്രസിഡന്റില്ല: പുറമറ്റത്തിന്റെ പേരില്‍ പിജെ കുര്യന് വിമര്‍ശനം

0 second read
Comments Off on 15 വോട്ട് കിട്ടിയില്ല: ജില്ലയില്‍ രണ്ടു മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന് പ്രസിഡന്റില്ല: പുറമറ്റത്തിന്റെ പേരില്‍ പിജെ കുര്യന് വിമര്‍ശനം
0

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മതിയായ വോട്ട് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ട് മണ്ഡലങ്ങള്‍ക്ക് പ്രസിഡന്റില്ല. പുറമറ്റം, അരയാഞ്ഞിലിമണ്‍ മണ്ഡലങ്ങള്‍ക്കാണ് പ്രസിഡന്റില്ലാത്തത്. പുറമറ്റം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പി.ജെ.കുര്യന്റെ മണ്ഡലമാണ്. ഇവിടെ പ്രസിഡന്റില്ലാതായത് എതിരാളികള്‍ക്ക് ചാകരയായി. കുര്യനെതിരേ സോഷ്യ്യ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കുര്യന്‍ വിരോധികള്‍ അരയും തലയും മുറുക്കി രംഗത്തു വന്നതോടെ സാമൂഹിക മാധ്യമങ്ങള്‍ പോസ്റ്റുകളും ട്രോളുകളും നിറഞ്ഞു.

പുറമറ്റം മണ്ഡലത്തിലാണ് പി.ജെ. കുര്യന്‍ താമസിക്കുന്നത്. ഇവിടെ ആകെ 23 വോട്ടാണ് ഉള്ളത്. ഇതില്‍ 19 എണ്ണമാണ് ചെയ്തത്. രണ്ടു പേര്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇതില്‍ നാല് വോട്ടുകള്‍ അസാധുവായി. ബിനില്‍ വര്‍ഗീസ് ബിനോയിക്ക് 14 ഉം ബിജോ തോമസിന് അഞ്ചും വോട്ട് കിട്ടി. ഒരു മണ്ഡലത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ ഒരാള്‍ക്ക് മിനിമം 15 വോട്ടെങ്കിലും കിട്ടണം. ഇതേ പോലെ റാന്നി അരയാഞ്ഞിലിമണ്ണിലും മണ്ഡലം പ്രസിഡന്റില്ല. ഇവിടെ ആകെ 15 വോട്ടാണ് പോള്‍ ചെയ്തിരിക്കുന്നത്.

മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുറമറ്റം പഞ്ചായത്തിലെ കുര്യന്റെ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കെട്ടിയ കാശ് നഷ്ടമായിരുന്നു. പുറമറ്റം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ പോലും സ്ഥാനാര്‍ഥികളെ കിട്ടിയില്ല. നേരത്തേ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സഹകരണ സംഘമാണ് ഇത്. കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ച രാജു പുളിമൂടന്‍ അടക്കം എല്‍.ഡി.എഫില്‍ പോയതോടെയാണ് ഇവിടെ മത്സരിക്കാന്‍ ആളില്ലാതെ പോയത്. ഈ സംഭവങ്ങളെല്ലാം കൂട്ടിച്ചേര്‍ത്താണ് കുര്യനെതിരേ ആയുധമാക്കിയിരിക്കുന്നത്.

പുറമറ്റം മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസിന് അംഗങ്ങളും കുറവാണ്. ജില്ലയില്‍ ഏറ്റവും കുറവ് അംഗങ്ങള്‍ ചേര്‍ക്കപ്പെട്ട മണ്ഡലമാണ് പുറമറ്റം. കുര്യന്റെ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസിന് പ്രസിഡന്റില്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഇപ്പോള്‍ അച്ചടക്ക നടപടി നേരിട്ട് കോണ്‍ഗ്രസിന് പുറത്ത് നില്‍ക്കുന്ന മുന്‍ ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഡോ. സജി ചാക്കോയാണ്. ഇദ്ദേഹത്തിന്റെ പോസ്റ്റിന് ചുവട്ടിലാണ് കുര്യനെതിരേയുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കോഴഞ്ചേരിയില്‍ നിന്നും കഞ്ചാവ് പിടികൂടി: അതിഥി തൊഴിലാളി അറസ്റ്റില്‍

കോഴഞ്ചേരി: ഒരു കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. ബീഹാര്‍ കത…