പ്രക്കാനത്തെ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രില്‍ ജീവനക്കാര്‍ വരുന്നതും പോകുന്നതും തോന്നുന്ന സമയത്ത്: നടപടിയെടുക്കുമെന്ന് ആയുര്‍വേദ ഡിഎംഓ

0 second read
Comments Off on പ്രക്കാനത്തെ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രില്‍ ജീവനക്കാര്‍ വരുന്നതും പോകുന്നതും തോന്നുന്ന സമയത്ത്: നടപടിയെടുക്കുമെന്ന് ആയുര്‍വേദ ഡിഎംഓ
0

പ്രക്കാനം: ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പ്രക്കാനം-ഇലവുംതിട്ട റോഡിരികില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ജീവനക്കാര്‍ സമയ ക്ലിപ്തത പാലിക്കുന്നില്ലെന്ന് നാട്ടുകാര്‍. മെഡിക്കല്‍ ഓഫീസര്‍ അടക്കം തോന്നുന്ന സമയത്താണ് വരുന്നതും പോകുന്നതുമെന്ന് രോഗികള്‍ പറയുന്നു. രാവിലെ ഒമ്പതു മുതല്‍ ഉച്ച കഴിഞ്ഞ് രണ്ടു മണി വരെയാണ് ആശുപത്രിയുടെ പ്രവര്‍ത്തന സമയം. ഞായറാഴ്ചകളിലും ഇതേ സമയക്രമം അനുസരിച്ച് ആശുപത്രി പ്രവര്‍ത്തിക്കണം. ഓഫ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ ഒഴികെ മുഴുവന്‍ പേരും ഹാജരാവുകയും വേണം.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മുഴുവന്‍ ജീവനക്കാരും ആശുപത്രി പൂട്ടി സ്ഥലം വിട്ടുവെന്നാണ് പറയുന്നത്. രാവിലെ ഒമ്പതിന് വരേണ്ടവര്‍ 10.30 കഴിഞ്ഞാണ് എത്തുന്നതെന്നും പരാതിയുണ്ട്. ഇതു സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആയുര്‍വേദ ഡി.എം.ഓ ഡോ. ശ്രീകുമാര്‍ പറഞ്ഞു.
നേരത്തേ ഏഴംകുളത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ഞായറാഴ്ചകളില്‍ തുറക്കാറില്ലെന്ന് പരാതി ഉയരുകയും വാര്‍ത്തയാവുകയും ചെയ്തിരുന്നു. ആയുര്‍വേദ ഡി.എം.ഓ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. ഇതിന് ശേഷം ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനസമയം കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.ഓ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. ഈ സര്‍ക്കുലര്‍ നിലനില്‍ക്കുമ്പോഴാണ് ജില്ലയില്‍ മിക്കയിടത്തും പ്രവര്‍ത്തനം തോന്നും പടി നടക്കുന്നത്.

ഇക്കൂട്ടരെ കണ്ടെത്താന്‍ മിന്നല്‍ പരിശോധനയടക്കം നടത്തുമെന്ന് ഡി.എം.ഓ പറഞ്ഞു. പ്രക്കാനത്തെ ആയുര്‍വേദാശുപത്രി പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. റോഡില്‍ നിന്ന് നോക്കിയാല്‍ പെട്ടെന്ന് കണ്ണില്‍പ്പെടുന്ന രീതിയിലല്ല ആശുപത്രിയുള്ളത്. ഇതാണ് സമയക്ലിപ്തത തെറ്റിക്കാന്‍ ജീവനക്കാര്‍ക്ക് സഹായകമാകുന്നത്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, പാര്‍ട്ട്‌ടൈം സ്വീപ്പര്‍ എന്നിവരാണ് ഇവിടെയുള്ളത്. പാര്‍ട്ട്‌ടൈം സ്വീപ്പര്‍ ദിവസവേതനത്തിലാണ് ജോലി ചെയ്യുന്നത്. ഓ.പി രാവിലെ ഒമ്പതു മണിക്ക് തന്നെ തുടങ്ങണം. പക്ഷേ, ഇവിടെ 10 മണി കഴിഞ്ഞാലും ആരംഭിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

നേരത്തേ അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഡോക്ടറും ഫാര്‍മസിസ്റ്റും ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ്. താല്‍ക്കാലിക ജീവനക്കാരിയായ പാര്‍ട്ട്‌ടെം സ്വീപ്പറെ ചുമതല ഏല്‍പ്പിച്ചതിന് ശേഷമാണ് മറ്റുള്ളവര്‍ പോകുന്നതെന്ന് പറയുന്നു. ഇത് തന്നെ നിയമവിരുദ്ധമാണ്. ഞായറാഴ്ചകളിലും ചിലപ്പോള്‍ ആശുപത്രി തുറക്കാറില്ലത്രേ. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്ത് ആശുപത്രിയുടെ പ്രവര്‍ത്തനം നടക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…