തിരുവനന്തപുരം: നോബല്‍ ഉപജ്ഞാതാവിന്റെ 190 ആമത് ജന്മ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായിഗണിതശാസ്ത്രത്തിനും നൊബെല്‍ സമ്മാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘ നൊബേല്‍ 4 മാത്‌സ് ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ബ്രിഗേഡ് ‘ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മില്യണ്‍ സൈന്‍ ക്യാമ്പയിന്‍ അമ്പാസഡറും മുന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ടി പി ശ്രീനിവാസന്‍ ഉത്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും ഗണിതത്തിന് അനുദിനം പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന സൈബര്‍ യുഗത്തില്‍ നൊബേല്‍ പുരസ്‌കാരത്തിന് മാത്രം ഗണിതത്തെ പരിഗണിക്കാത്തത് അനൗചിത്യം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആല്‍ഫ്രെഡ് നോബലിന്റെ വില്‍പത്രപ്രകാരം 1901 മുതല്‍ അഞ്ച് മേഖലകളില്‍ പ്പെട്ട പ്രതിഭകള്‍ക്കാണ് അവാര്‍ഡ് നല്‍കി വരുന്നത്. എന്നാല്‍ 1969 ല്‍ പ്രത്യേക തീരുമാന പ്രകാരം വില്പത്രത്തില്‍ ഇല്ലാത്ത സാമ്പത്തിക ശാസ്ത്രത്തിനും പുരസ്‌കാരം കൊടുത്തു തുടങ്ങി. ഇതേ മാതൃകയില്‍ ഗണിതശാസ്ത്രത്തിനും പുരസ്‌കാരം നല്‍കണമെന്നാണ് നൊബേല്‍ 4 മാത്‌സ് ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ബ്രിഗെഡിന്റെ ആവശ്യം. തിരുവനന്തപുരം ശാസ്തമംഗലത്ത് നടന്ന ചടങ്ങില്‍ മില്യണ്‍ സൈന്‍ ക്യാമ്പയിനും മില്യണ്‍ ഹാഷ് ടാഗ് ക്യാമ്പയിനും ടിപി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നോബല്‍ ഫോര്‍ മാത്സ് ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ബ്രിഗേഡ് ചെയര്‍മാന്‍ ജിതേഷ്ജി അധ്യക്ഷനായിരുന്നു. ചീഫ് കോഡിനേറ്റര്‍ എല്‍ സുഗതന്‍ പദ്ധതി വിശദീകരിച്ചു. നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടങ്ങിയ 1001 അംഗ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ പ്രാവര്‍ത്തികമാക്കുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ അടൂര്‍,സൗദി പ്രവാസി കൂട്ടായ്മ പ്രതിനിധി ജോജി തോമസ്, ഖത്തര്‍ പ്രവാസി കൂട്ടായ്മ പ്രതിനിധി സി മോഹനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.