തൈക്കാട്: നോര്‍ക്ക സെന്ററില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ നോര്‍ക്ക ദിനാചരണം സംഘടിപ്പിച്ചു. 1996 ഡിസംബര്‍ ആറിന് നിലവില്‍ വന്ന പ്രവാസി കേരളീയകാര്യ വകുപ്പ് (NORKA – Non Resident Keralites Affairs Department) രൂപീകരണദിനമാണ് നോര്‍ക്ക ദിനം. ഇന്ത്യയില്‍ ആദ്യമായി ഏതെങ്കിലുമൊരു സംസ്ഥാനത്ത് പ്രവാസികള്‍ക്കു വേണ്ടി മാത്രമായി രൂപീകരിക്കപ്പെട്ട വകുപ്പ് എന്ന ഖ്യാതി നോര്‍ക്കയ്ക്കുണ്ട്. പ്രവാസികേന്ദ്രീകൃതമായ നവീനമായ പദ്ധതികളും സേവനങ്ങളും കൊണ്ടുവരാനാണ് അടുത്തസാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ സിഇഒ അജിത് കോളശേരി അഭിപ്രായപ്പെട്ടു. പേപ്പര്‍ലെസ് ഓഫീസ് എന്ന ആശയത്തിലേയ്ക്കുളള ചുവടുവെയ്പ്പിന്റെ ആദ്യപടിയായി നവീകരിച്ച നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് ജനുവരി മുതല്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2002 ല്‍ നോര്‍ക്ക വകുപ്പിന്റെ ഫീല്‍ഡ് ഏജന്‍സിയായി നോര്‍ക്ക റൂട്ട്സ് നിലവില്‍ വന്നു. ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി സമഗ്രതലസ്പര്‍ശിയായ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് നോര്‍ക്ക റൂട്ട്സിനെ വേറിട്ട് നിര്‍ത്തുന്നത്. പ്രവാസത്തിന് മുന്‍പും, പ്രവാസത്തിനൊപ്പവും, പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കുമായി നിരവധി പദ്ധതികളും സേവനങ്ങളും സംസ്ഥാനസര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സിലൂടെ നടപ്പിലാക്കി വരുന്നു. 180 തിലധികം രാജ്യങ്ങളിലുളള പ്രവാസികേരളീയരുമായി നോര്‍ക്ക റൂട്ട്സ് സേവനങ്ങളിലൂടെ കേരളവുമായി കണ്ണിചേര്‍ക്കുന്നു. ഐ എസ് ഒ സർട്ടിഫിക്കറ്റും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്കോച്ച് അവാർഡിന് നോർക്ക റൂട്ട്സ് അർഹമായതും ഈ പ്രവർത്തന മികവുകൊണ്ടാണ്. കേരള പ്രവാസി കേരളീയ ക്ഷേമബോർഡ്, ലോക കേരള സഭ, പ്രവാസി കേരളീയ കമ്മീഷന്‍, ലോക കേരളം ഓണ്‍ലൈന്‍, നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ്, ഓവസീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്നിവയും പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക വകുപ്പിന് കീഴിലുണ്ട്. കേരളത്തിന് പ്രവാസി സമൂഹത്തോടുള്ള കടപ്പാടിന്റെയും പ്രതിജ്ഞാബദ്ധത യുടെയും തെളിവാണ് നോർക്കയുടെ പ്രവർത്തനം.