
വര്‍ക്കല: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും വര്‍ക്കലയില്‍ സംഘടിപ്പിച്ച പ്രവാസി ബിസിനസ് ലോൺ ക്യാമ്പില്‍ 22 സംരംഭകര്‍ക്കായി 2.21 കോടി രൂപയുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത 89 പ്രവാസി സംരംഭകരില്‍ 14 പേര്‍ക്ക് മറ്റു ബാങ്കുകളിലേയ്ക്കും 11 പേര്‍ക്ക് അവശ്യമായ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. വിഴിഞ്ഞം ഉള്‍പ്പെടെ കേരളത്തിലെ അടിസ്ഥാന സൗകര്യമേഖലയില്‍ സംഭവിക്കുന്ന വികസനപദ്ധതികള്‍ വലിയ സംരംഭക സാധ്യതകള്‍ക്കുകൂടിയാണ് വഴിതുറക്കുന്നത്. ഇത് പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ക്കു സാധിക്കണം. ഇത് കേരളത്തിന്റെ പൊതുവികസനത്തിനും സഹായകരമാകുമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് നഗരസഭ ചെയര്‍മാന്‍ കെ.എം. ലാജി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന്‍ അധ്യക്ഷത വഹിച്ചു.
പ്രവാസിക്ഷേമത്തിനായും, തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരേകീകരണത്തിനായും നോര്‍ക്ക നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ദേശീയതലത്തില്‍ തന്നെ മാതൃകാപരമാണെന്ന് ഉദ്ഘാടന ചടങ്ങില്‍ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി പറഞ്ഞു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ (ചെറുന്നിയൂര്‍) നടന്ന ക്യാമ്പില്‍ എസ്.ബി.ഐ ലോണ്‍ സ്കീം ചീഫ് മാനേജര്‍ (ക്രെഡിറ്റ്) അമൃത വ്യാസ് വിശദീകരിച്ചു. സി.എം.ഡി അസ്സോസിയേറ്റ് പ്രൊഫസര്‍ പി.ജി. അനില്‍, എന്‍.ബി.എഫ്.സി സീനിയര്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബി. ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി. രശ്മി സ്വാഗതവും നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്റര്‍ മാനേജര്‍ എസ്. സഫറുളള നന്ദിയും പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.