
പത്തനംതിട്ട: കാല്‍നൂറ്റാണ്ടായി ശബരിമലയിലെ മലയാളം അനൗണ്‍സര്‍ ആയിരുന്ന ഗോപാലകൃഷ്ണന്‍ സ്വാമി എന്നറിയപ്പെടുന്ന കോഴഞ്ചേരി മുരിക്കേത്ത് ഗോപാലകൃഷ്ണന്‍ നായര്‍ (66) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. മുരിക്കേത്ത് വടക്കേതില്‍ പരേതരായ പരമേശ്വരന്‍ നായര്‍ ചെല്ലമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനായിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ അടൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. മണ്ഡല-മകരവിളക്ക് ഉത്സവ കാലത്ത് ഭക്തി നിറഞ്ഞ മുഴക്കമുള്ള ശബ്ദത്തിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നത് ഗോപാലകൃഷ്ണനായിരുന്നു. ആളെ നേരില്‍ കണ്ടിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഈ സ്വരം പരിചിതമാണ്.
ഏറെ നാളായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ മണ്ഡല കാലത്തും ശബരിമലയില്‍ അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങിയിരുന്നു. അനൗണ്‍സ്‌മെന്റിന്റെ ഭാഗമായാണെങ്കിലും ഏറ്റവുമധികം തവണ ശരണ മന്ത്രങ്ങള്‍ ഉരുവിടുന്നതിന്റെ പുണ്യവും ഈ വലിയ സ്വാമിക്ക് അവകാശപ്പെട്ടതാണ്. പമ്പയിലെത്തുമ്പോഴും കഠിനമായ മല
കയറ്റത്തിനിടയിലും തീര്‍ത്ഥാടക ലക്ഷങ്ങളെ ഭക്തിയുടെ കൊടുമുടിയിലേക്ക് കൈ പിടിച്ച് നടത്തുന്നതാണ് ഗോപാലകൃഷ്ണന്‍ നായരുടെ മുഴക്കമുള്ള ശബ്ദം. നാല് പതിറ്റാണ്ടായി ഗോപാലകൃഷ്ണന്‍ നായര്‍ക്ക് അനൗണ്‍സ്‌മെന്റ് ഉപജീവനമാണ്. സ്വന്തം ജീപ്പില്‍ ഒരേ സമയം ഡ്രൈവിങും അനൗണ്‍സ്‌മെന്റും നടത്തി ശ്രദ്ധേയനായിട്ടുണ്ട്. അയ്യപ്പ നിയോഗം പോലെയാണ് 24 കൊല്ലം മുന്‍പ് ഗോപാലകൃഷ്ണന്‍നായരുടെ അനൗണ്‍സ്‌മെന്റ് ദേവസ്വം ബോര്‍ഡ് മെമ്പറായിരുന്ന പുനലൂര്‍ മധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഗോപാലകൃഷ്ണന്റെ ശബ്ദം ശബരിമലയിലും മുഴങ്ങി. ഏറെ ഭക്തിയോടെയും തയ്യാറെടുപ്പുകളോടെയുമാണ് ഗോപാലകൃഷ്ണന്‍ അയ്യപ്പ നിയോഗം നിര്‍വഹിക്കാന്‍ സന്നിധാനത്തെത്തിയിരുന്നത്. കലാനിലയം സ്ഥിരം നാടക വേദിയില്‍ അനൗണ്‍സറായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഇതിനായി സംസ്ഥാനത്തുടനീളം സഞ്ചരിച്ചു. കോഴഞ്ചേരിയിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഗോപാലകൃഷ്ണന്റെ ശ്രമഫലമായി കൂടിയാണ് ഒരു കാലത്ത് കോഴഞ്ചേരിയിലെ ഇന്ദിരാഗാന്ധി സ്മാരകം സംരക്ഷിക്കപ്പെട്ട് പോയിരുന്നത്. കോഴഞ്ചേരി താലൂക്ക് സമരത്തിലും സജീവമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.കെ. റോയിസനൊപ്പം നിരവധി സമരങ്ങളിലും പങ്കെടുത്തു. ഇനി ആ ശബ്ദം ഓര്‍മകളില്‍ മുഴങ്ങും.