
അടൂര്‍: വീണയ്ക്കും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്കും വീടെന്ന സ്വപ്നം പൂവണിയുന്നു. കടമ്പനാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഒഴുകുപാറ കോളനിയില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് ബന്ധുവിന്റെ ഭൂമിയില്‍ വാസയോഗ്യമല്ലാത്ത ടാര്‍പോളില്‍ ഷെഡില്‍ കഴിഞ്ഞിരുന്ന അരക്കുംകാലായില്‍ വീണയ്ക്കും കുഞ്ഞുങ്ങള്‍ക്കും അഞ്ചു സെന്റ് ഭൂമി വാങ്ങി നല്‍കി നമ്മുടെ സ്വന്തം മണ്ണടി വാട്‌സ്ആപ്പ് ആന്‍ഡ് ഫെയ്‌സ്ബുക്ക് കൂട്ടായ്മ. സാമൂഹിക പ്രവര്‍ത്തകനായ ഫാ. റിഞ്ചു പി കോശി വീണയ്ക്ക് വീടൊരുക്കും. 2009 ല്‍ കന്നിമല ക്വാറി സമരത്തിന് ശക്തി പകരുവാന്‍ തുടങ്ങിയ നവമാധ്യമ കൂട്ടായ്മ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന സംവിധാനം ഇല്ലാത്ത നിര്‍ദ്ധനരായ 20 കുട്ടികള്‍ക്ക് എല്‍.സി.ഡി ടിവിയും ഡിറ്റിഎച്ച് സംവിധാനവും ഒരുക്കി നല്‍കിയും കന്റോണ്‍മെന്റ് സോണില്‍ താമസിച്ചിരുന്ന 500 തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ജനശ്രദ്ധ നേടിയിരുന്നു. സ്വന്തം വീടും പുരയിടവും വാടകയ്ക്ക് കൈക്കുഞ്ഞുമായി എത്തിയ കുടുംബത്തിന് എഴുതി നല്‍കിയ ചന്ദ്രമതിയമ്മയ്ക്ക് ഓണക്കോടിയും കാല്‍ ലക്ഷത്തില്‍പ്പരം രൂപയും നല്‍കി ആദരിച്ചു.
ക്യാന്‍സര്‍ രോഗികള്‍ക്കടക്കം നിരവധി ആളുകള്‍ക്ക് കൈത്താങ്ങാവാന്‍ ചുരുങ്ങിയ കാലയളവില്‍ നമ്മുടെ സ്വന്തം മണ്ണടി നവമാധ്യമ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കന്നിമല സമരം ജനങ്ങളിലും അധികാരികളിലും എത്തിക്കാന്‍ തുടങ്ങിയ നമ്മുടെ സ്വന്തം മണ്ണടിയില്‍ ഇന്ന് 17500 അംഗങ്ങളുണ്ട്. ക്വാറി സമരഭൂമിയിലുള്ള ഒരു കുടുംബത്തിന് തണലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്ന് ഗ്രൂപ്പ് ചീഫ് അഡ്മിന്‍ അവിനാഷ് പള്ളീനഴികത്ത് പറഞ്ഞു. മണ്ണടി വേലുത്തമ്പി സ്മാരക ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് അംഗം കോന്നി ഡിവൈഎസ്പി രാജപ്പന്‍ റാവുത്തര്‍ വീണയ്ക്ക് ഭൂമിയുടെ ആധാരം കൈമാറി. പേജ് അഡ്മിന്‍ ജെ. ജയേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ചീഫ് അഡ്മിന്‍ അവിനാഷ് പള്ളീനഴികത്ത് സ്വാഗതവും അഡ്മിന്‍മാരായ സാഗര്‍ മണ്ണടി, പ്രവീണ്‍ ജയചന്ദ്രന്‍,ഷിബുമണ്ണടി, കണ്ണന്‍ എം, ചന്ദ്രബാബു കുളക്കട, അനുഭദ്രന്‍ എന്‍. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.