തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രക്തസംബന്ധമായ രോഗികള്‍ക്ക് നല്‍കേണ്ട നഴ്‌സിങ് പരിചരണത്തെക്കുറിച്ച് ശില്‍പ്പശാല നടന്നു. ലണ്ടന്‍ ഇംപീരിയല്‍ കോളജ് ഹെല്‍ത്ത് കെയര്‍ എന്‍ എച്ച് എസ് ട്രസ്റ്റിലെ അഫ്രെസിസ് നഴ്‌സ് പ്രാക്ടീഷണര്‍ സിഞ്ചു തോമസ് മുഖ്യാതിഥിയായിരുന്നു.
ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര അധ്യക്ഷത വഹിച്ചു. ആരോഗ്യ പരിപാലന രംഗത്ത് മികച്ച നഴ്‌സുമാരെ സൃഷ്ടിക്കുവാനും അതുവഴി രോഗികള്‍ക്ക് മെച്ചപ്പെട്ട ആതുര സേവനം ലഭ്യമാക്കാനും ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു ശില്പശാല സംഘടിപ്പിച്ചതെന്ന് പ്രൊഫ ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര പറഞ്ഞു. ഹെമറ്റോളജി വിഭാഗം മേധാവി ഡോ ചെയ്‌സി സി ഫിലിപ്പ്, റവ. ഫാ. ജോബി ജോണ്‍, ചീഫ് നഴ്‌സിങ് ഓഫീസര്‍ മിനി സാറാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
രക്തസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള നഴ്‌സിംഗ് പരിചരണം ഉറപ്പുവരുത്തുവാനായി ബിലീവേഴ്‌സ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നടത്തിയ ശില്പശാലയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന കാര്‍ ടി തെറാപ്പി സംബന്ധമായ സേവനങ്ങളില്‍ വിദഗ്ദ്ധയും ചടങ്ങിന്റെ മുഖ്യാതിഥിയുമായിരുന്ന മിസ് സിഞ്ചു തോമസാണ് ക്ലാസ്സ് നയിച്ചത്. യൂറോപ്യന്‍ ബ്ലഡ് ആന്‍ഡ് മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ നേഴ്‌സസ് ആന്‍ഡ് അലൈഡ് പ്രൊഫഷണല്‍സ് ഗ്രൂപ്പ് അധ്യക്ഷ കൂടിയാണ് സിഞ്ചു.