ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിങ് വിസയില്‍ അജ്മാനില്‍ എത്തിച്ചു: തിരുവല്ല സ്വദേശിയായ യുവാവിനെ കുറിച്ച് ഒന്ന്‌ര വര്‍ഷമായി വിവരമില്ല: തീരാവേദനയില്‍ കുടുംബം

0 second read
0
0

പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിങ് വിസയില്‍ അജ്മാനില്‍ എത്തിച്ച യുവാവിനെ ഒന്നര വര്‍ഷമായി കാണാനില്ല. പരാതിയുമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ നീതി തേടി അലയുകയാണ് വൃദ്ധമാതാവും ഏക സഹോദരിയും. തിരുവല്ല മഞ്ഞാടി ചൂടുകാട്ടില്‍ മണ്ണില്‍ മണ്ണില്‍ പരേതനായ സി.വി വര്‍ക്കിയുടെയും സാറാമ്മയുടെയും മകന്‍ സാം വര്‍ക്കി(48) യെയാണ് 2023 ജൂണ്‍ മുതല്‍ അജ്മാനില്‍ നിന്നും കാണാതായത്. ആലപ്പുഴ തലവടി സ്വദേശി കബീര്‍ എന്ന ഏജന്റ് മുഖാന്തിരം വിസിറ്റിങ് വിസയില്‍ മേയ് അഞ്ചിന് സാം അജ്മാനിലേക്ക് പോയത്. ഒരു മാസത്തിനുള്ളില്‍ ജോലി ലഭിക്കുമെന്നും അതു വരെ സാമിന്റെ ചെലവുകള്‍ വിസ നല്‍കിയ ആള്‍ വഹിക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.

ആദ്യ ഒരു മാസം സാം വീടുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പിന്നീട് യാതൊരു വിവരവും ഇല്ല. അജ്മാനില്‍ സാം ആലപ്പുഴ സ്വദേശി അനീഷ് മധുവിനോടൊപ്പമാണ് താമസിച്ചിരുന്നത്. ഏജന്റിന് 1.30 ലക്ഷം രൂപ നല്‍കിയാണ് സാം വിദേശത്തേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. നേരത്തേ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നയാളാണ് സാം. കോവിഡ് കാലത്ത് ജോലി നഷ്ടമായി തിരികെ വന്നതാണ്. വിസിറ്റിംഗ് വിസയില്‍ തന്നെ സാമിനൊപ്പം അജ്മാനില്‍ വന്ന അനീഷ് ജോലിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂലൈയില്‍ നാട്ടിലേക്ക് മടങ്ങി. സാമിന്റെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അനീഷിന്റെ കൈവശമായിരുന്നു. സാമിനെപ്പറ്റി വിവരം ഒന്നും ഇല്ലാത്തതിനാല്‍ അവിടെ അയല്‍വാസിയായ അക്ബറിനെ രേഖകള്‍ ഏല്‍പ്പിച്ചു. ഇവരോടെല്ലാം സാമിനെ പറ്റി അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. പിന്നീട് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ മുഖാന്തരം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

തിരുവല്ല ഡിവൈ.എസ്.പി ഓഫീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഏജന്റ് കബീറിനെയോ ഒപ്പം താമസിച്ചിരുന്ന മധുവിനെയോ വിളിച്ച് അന്വേഷിക്കാന്‍ പോലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സാമിന്റെ ഏക സഹോദരിയെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വിവാഹം കഴിപ്പിച്ചു അയച്ചിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാറാമ്മക്ക് ഏക സഹായവും തുണയുമായിരുന്നു മകന്‍. സാമിനെ എത്രയും വേഗം കണ്ടെത്തി മാതാവിന്റെ കണ്ണീരൊപ്പാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഷാര്‍ജ മലയാളി അസോസിയേഷനുകള്‍ അടക്കം എല്ലാ സംഘടനകളും ഈ വിഷയത്തില്‍ ഇടപെട്ട് സാമിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുപ്രവര്‍ത്തകരായ വി. ആര്‍. രാജേഷ്, ഷിബു ഫിലിപ്പ്, സോജാ കാര്‍ഡോസ്, സാമിന്റെ മാതാവ് സാറാമ്മ വര്‍ക്കി, സഹോദരി സനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In GULF

Leave a Reply

Your email address will not be published. Required fields are marked *

Check Also

പത്തനംതിട്ട നഗരമധ്യത്തില്‍ പൈപ്പ് പൊട്ടി രൂപം കൊണ്ട കുഴി അടച്ചില്ല: കാഴ്ച പരിമിതന്‍ വീണു

പത്തനംതിട്ട: മിനി സിവില്‍ സ്റ്റേഷന് എതിര്‍വശം കെ.എസ്.ആര്‍.ടി.സി റോഡില്‍ പൈപ്പ് പൊട്ടിയുണ്ട…