തൃശൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ മുപ്പതോളം ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. വിവിധ ഹോട്ടലുകളില്‍നിന്നും പഴയ ഭക്ഷണം പിടികൂടി. പാര്‍ക്ക് ഹോട്ടല്‍, വിഘ്‌നേശ്വര, കുക്ക് ഡോര്‍, ചുരുട്ടി ടീ ഷോപ്പ്, കൊക്കാലയിലെ സ്വാദ്, ഫ്രൂട്ട്‌സ്, ഒല്ലൂരിലെ റോയല്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടിയത്.നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിലാണ് പരിശോധന. ആരോഗ്യവിഭാഗവും തദ്ദേശസ്ഥാപനങ്ങളും പോലീസിന്റെ സഹായത്തോടെ ജില്ലാ വ്യാപകമായി പരിശധന തുടരുമെന്നാണറിയുന്നത്.
അതേസമയം പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സ്ത്രീ മരിച്ചതില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പോസ്റ്റുമോര്‍ട്ടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മനപൂര്‍വമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്ന് കൈപ്പമംഗലം പോലീസ് അറിയിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി ഉസൈബ ഇന്നലെ പുലര്‍ച്ചെ ആണ് മരിച്ചത്.