പത്തനംതിട്ട: ഓണം ആഗതമായതോടെ മഹാബലി തന്പുരാനു തിരക്ക്. ഇനിയുള്ള ദിനങ്ങളില്‍ കിരീടവും വേഷവും അഴിച്ചുവയ്ക്കാന്‍ പോലുമാകില്ലെന്ന് മാവേലി വേഷത്തില്‍ ശ്രദ്ധേയനായ അടൂര്‍ സുനില്‍ കുമാര്‍. കഴിഞ്ഞ 38 വര്‍ഷമായി കേരളക്കരയാകമാനം സുനില്‍ കുമാറിന്റെ മാവേലി വേഷം ശ്രദ്ധേയമാണ്. ഓണക്കാലമാകുന്‌പോള്‍ നിരവധി മാവേലി വേഷധാരികളെത്തുമെങ്കിലും അവരില്‍ നിന്നെല്ലാം വ്യത്യസ്തമാകുന്ന വേഷവിധാനങ്ങളാണ് സുനില്‍ കുമാറിന്റേത്.
28 ദിവസത്തെ വ്രതാനുഷ്ഠാനം കൊണ്ടാണ് ഒരു മാവേലി വേഷത്തിന്റെ പൂര്‍ത്തീകരണം. ആടയാഭരണങ്ങള്‍ എല്ലാം രാജകീയ പ്രൗഢിയോടെ തിളങ്ങണമെന്നാണ് സുനില്‍ കുമാറിന്റെ ആഗ്രഹം.ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ ക്ഷണപ്രകാരം കഴിഞ്ഞ 18 വര്‍ഷമായി ഉത്രട്ടാതി ജലമേളയില്‍ മാവേലി വേഷധാരിയായി സുനില്‍കുമാര്‍ എത്താറുണ്ട്. പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായിരുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ മാവേലി വേഷത്തിലെത്താനായത് ജീവിതത്തില്‍ ലഭിച്ച അസുലഭ മുഹൂര്‍ത്തമാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. 2012ലെ അത്തച്ചമയ മഹോത്സവ മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിവിധ പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിക്കഴിഞ്ഞു.
ഇത്തവണത്തെ ഓണം പരിപാടികള്‍ ഏറെയും പാലക്കാട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ക്രമീകരിക്കപ്പെട്ടിരിക്കുകയാണ്.
കിരീടത്തിലും പുതുമ
മാവേലിയുടെ കിരീടത്തിലെ പുതുമയാണ് ഇക്കൊല്ലത്തെ പ്രധാന ആകര്‍ഷണീയത. ദക്ഷിണേന്ത്യയിലെ പുരാണ കഥാപാത്രങ്ങളായ അര്‍ജുനന്‍, ഭീമന്‍ തുടങ്ങിയ ഇതിഹാസ പുരുഷന്‍മാരുടെ കിരീടവുമായി സാദൃശ്യമുള്ളതാണ് സുനില്‍ അണിയുന്ന കിരീടം. പത്തുവര്‍ഷം കഴിയുന്‌പോള്‍ കിരീടം മാറ്റി പുതിയതാക്കും.രണ്ട് അടി ഉയരവും സ്വര്‍ണ നിറവുമുള്ള കിരീടം പേപ്പര്‍ പള്‍പ്പുകൊണ്ടാണ് നിര്‍മിക്കുന്നത്. ഇതിന്റെ പ്രഭയേറുന്നത് റബര്‍ പള്‍പ്പുപയോഗിക്കുന്നതോടെയാണ്. മരതകം, മാണിക്യം, പവിഴം, പത്മരാഗം തുടങ്ങിയ രത്‌നങ്ങള്‍ എന്നു തോന്നിക്കുന്ന മണികള്‍കൊണ്ട് കിരീടം അലങ്കരിച്ചിരിക്കുകയാണ്. ഭാര്യ രജനിയും മകള്‍ മീനാക്ഷിയുമാണ് കിരീടത്തിന്റെ ശോഭ വര്‍ധിപ്പിക്കുന്നതിനുള്ള രൂപ കല്പന നടത്തുന്നതെന്നും സുനില്‍ പറഞ്ഞു. മാവേലി വേഷം കെട്ടിയൊരുക്കുന്നതിലും ഭാര്യയ്ക്കും മകള്‍ക്കും വലിയ പങ്കുണ്ട്. മാവേലി അണിയുന്നത് വിവിധതരത്തിലുള്ള മാലകളാണ്. ഇതിലെ ഒരു കിലോഗ്രാം മുത്തിന് 3000 രൂപയും പട്ടുസാരികള്‍ക്ക് സെറ്റിന് 10,000 രൂപയും വേണം. തയ്യല്‍ക്കൂലിയായി 4000 രൂപ വീതവും കണ്ടെത്തണം. വേഷം ധരിച്ചെത്തുന്‌പോഴേക്കും കുറഞ്ഞത് 85000 രൂപ ചെലവാകും.
മാവേലിയുടെ പനയോലക്കുട പാലക്കാട്ടു നിന്നുകൊണ്ടുവന്ന് ഇവിടെ സെറ്റ് ചെയ്യുകയാണ്. പുരാണ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന പഞ്ചഗജം എന്ന രാജകീയ പ്രൗഢിയുള്ള ഡ്രസ്, ഷാള്‍, ബാക് ഷീറ്റ് എന്നിവയാണ് വേഷങ്ങള്‍. മാവേലിയുടെ പാദരക്ഷ മെതിയടിയാണെങ്കിലും ആരും ഇപ്പോള്‍ ഇതുപയോഗിക്കാറില്ല. രാജകീയത്വം തോന്നുംവിധത്തിലുള്ള ഷൂ കൊണ്ടു നിര്‍മിച്ച മുനയുള്ളതും സ്വര്‍ണ നിറത്തിലുള്ളതുമായ പാദരക്ഷയാണ് സുനില്‍ കുമാര്‍ ധരിക്കുന്നത്. സ്ഫടിക കഷണങ്ങള്‍ കൊണ്ടുള്ളതാണ് കണ്ഠലങ്ങള്‍. ഇത് ഇരുട്ടിലും പ്രകാശിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വേഷവിധാനങ്ങളില്‍ രാജകീയ പ്രൗഢി ഒട്ടും ചോര്‍ന്നുപോകാതെ നിലനിര്‍ത്തുകയും ഇതിലൂടെ മാവേലിത്തന്പുരാനെ ശ്രദ്ധേയനാക്കുകയുമാണ് സുനില്‍ കുമാര്‍.