
കടമ്പനാട്: കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഓര്‍മകളായി മാറിയ ഓണക്കളികള്‍ വീണ്ടെടുത്ത് കെ.ആര്‍.കെ.പി.എം.ബി.എച്ച്.എസ്.വി.എച്ച് എസിലെ കുട്ടികള്‍. പഴയ തലമുറയിലെ ഓണക്കളികള്‍ വീണ്ടും സ്‌കൂള്‍ മുറ്റത്ത് കാണാനായപ്പോള്‍ കുട്ടികള്‍ക്കൊപ്പം രക്ഷാകര്‍ത്താക്കള്‍ക്കും നേതൃത്വം നല്‍കിയ അധ്യാപകര്‍ക്കും വേറിട്ട അനുഭവമായി.
കുട്ടികള്‍ ആവേശത്തോടെയാണ് കലമടി, വടംവലി പരിപാടികളില്‍ പങ്കെടുത്തത്. തിരുവാതിര, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ എന്നിവ ഉണ്ടായിരുന്നു. ക്ലാസ് മുറികളില്‍ അധ്യാപകരും കുട്ടികളും ചേര്‍ത്ത് അത്തപ്പൂക്കളം ഒരുക്കി. സ്‌കൂള്‍ മുറ്റത്ത് വലിയ ഒരു അത്തപ്പൂക്കളം അധ്യാപകര്‍ ഒരുക്കിയിരുന്നു. സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര കടമ്പനാട് ജങ്ഷന്‍ ചുറ്റി തിരികെ സ്‌കൂള്‍ കോമ്പൗണ്ടില്‍ അവസാനിച്ചു. മാവേലി വേഷം ധരിച്ചയാള്‍ എല്ലാവര്‍ക്കും മിഠായി വിതരണം ചെയ്തു. കടുവാകളി സംഘവും ഉണ്ടായിരുന്നു.
ആയിരത്തിലധികം പേര്‍ക്കുള്ള ഓണസദ്യയും നടന്നു. കാറ്ററിങുകാരെ ഒഴിവാക്കി രക്ഷാകര്‍ത്താക്കളും അധ്യാപകരും ചേര്‍ന്നാണ് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയത്. ഓണാഘോഷങ്ങള്‍ക്ക് സ്‌കൂള്‍ രക്ഷാധികാരി എസ്.കെ. അനില്‍കുമാര്‍ മാനേജര്‍ പി. ശ്രീലക്ഷ്മി, ഹെഡ്മിസ്ട്രസ് ആര്‍.സുജാത , പ്രിന്‍സിപ്പല്‍ എസ്. റാഫി പി.റ്റി.എ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.