
പത്തനംതിട്ട: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ചയം യാഥാര്‍ഥ്യമാകുന്നു. മേലേ വെട്ടിപ്രത്ത് റിങ് റോഡിന്റെ വശത്തായി ആറേക്കറാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം കോടതി സമുച്ചയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. വസ്തുവിന്റെ എല്ലാ രേഖകളും കോടതി സമുച്ചയ നിര്‍മാണത്തിനായി ജില്ലാ ജഡ്ജിക്കു കൈമാറി. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് ഭൂമി ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. 24 തണ്ടപ്പേരിലുള്ള സ്ഥലം 20 കോടി രൂപ ചെലവഴിച്ചാണ് ഏറ്റെടുത്തത്. ഭൂമിയുടെ അവാര്‍ഡ് ഡോക്കുമെന്റേഷനും സ്ഥലത്തിന്റെ സബ്ഡിവിഷന്‍ സ്‌കെച്ചും ഭൂമി ഏറ്റെടുക്കല്‍ തഹസില്‍ദാര്‍ വിജു കഴിഞ്ഞ ദിവസം ജില്ലാ ജഡ്ജി എന്‍. ഹരികുമാറിനു കൈമാറി.
ജില്ലാ ആസ്ഥാനത്തെ കോടതികളും പരിസരവും സ്ഥലപരിമിതി കാരണം വലയുമ്പോഴാണ് പുതിയ കോടതി സമുച്ചയം എന്ന ആശയം വരുന്നത്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. സരോജ് മോഹന്‍കുമാര്‍, അഡ്വ. മഹേഷ് റാം എന്നിവരാണ് കോടതി സമുച്ചയം യാഥാര്‍ഥ്യമാക്കാന്‍ ഏറ്റവുമധികം പരിശ്രമിച്ചത്. നിരവധി തടസങ്ങള്‍ മറികടന്ന് 16 വര്‍ഷത്തിന് ശേഷം ഭൂമി ഏറ്റെടുക്കല്‍ എന്ന ആദ്യ കടമ്പ കടന്നു.
സ്വന്തം സ്ഥലത്ത് കോടതി സമുച്ചയം വേണമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ട് പഴക്കമുണ്ട്. 2009 ല്‍ ആണ് കോടതി സമുച്ചയത്തിനുള്ള നടപടി തുടങ്ങിയത്.
പാമ്പൂരിപ്പാറയിലെ ജല അതോറിറ്റി ഓഫീസിനു സമീപമാണ് ആദ്യം ഇതിനു സഥലം കണ്ടത്. ടൗണില്‍ നിന്ന് ഒഴിഞ്ഞതും യാത്രാസൗകര്യം ഇല്ലാത്തതും കണക്കിലെടുത്ത് ഒഴിവാക്കി. മേലെവെട്ടിപ്പുറത്തെ ആറേക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2012 ല്‍ കൃഷി വകുപ്പിന്റെ അനുമതി കിട്ടി. ഈ സ്ഥലത്തിന്റെ വില സംബന്ധിച്ച് രണ്ടു വര്‍ഷത്തോളം വിലപേശല്‍ നടന്നു. ഉടമകള്‍ കൂടുതല്‍ വില ആവശ്യപ്പെട്ട് രംഗത്തു വന്നു. സര്‍ക്കാരിന്റെ എതിര്‍പ്പ് ഇല്ലാതിരുന്നതിനാല്‍ ഈ ഭൂമി മതിയെന്ന തീരുമാനത്തില്‍ എത്തി. 17 കോടി രൂപയ്ക്ക് സ്ഥലം ഏറ്റെടുക്കാനും അവിടെ 100 കോടിയുടെ കോടതി സമുച്ചയം പണിയുന്നതിനും വേണ്ട പ്ലാനും തയാറാക്കി ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കോടതികള്‍ക്ക് വേണ്ട ആവശ്യങ്ങള്‍ തയാറാക്കി മരാമത്ത് കെട്ടിട വിഭാഗത്തിനു സമര്‍പ്പിച്ചു. തുടര്‍ന്നു പ്ലാന്‍ തയാറാക്കി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കണ്ടിജന്‍സി ചാര്‍ജ് അനുവദിക്കാനുള്ള അപേക്ഷയില്‍ പിന്നെ യും തീരുമാനം നീണ്ടു പോയി. തുടര്‍ന്നു ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. കൂടുതല്‍ വില ആവശ്യപ്പെട്ട് വസ്തു ഉടമകള്‍ നല്‍കിയതും ബാര്‍ അസോസിയേഷന്റെയും ഹര്‍ജികള്‍ ഒരുമിച്ച് കോടതി പരിഗണിച്ചു. വസ്തുവിന് 27 കോടി രൂപ നല്‍കേണ്ടതില്ലന്നും സെന്റിന് 12.500 രൂപ വില നല്‍കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു.
ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതിയിലെ ജസ്റ്റിസ് പി.ഗോപിനാഥ് കോടതി സമുച്ചയത്തിനായുള്ള സ്ഥലവും മിനി സിവില്‍ സ്‌റ്റേഷനിലെ കോടതികളും നേരിട്ട് പരിശോധിച്ച് സ്ഥല പരിമിതികള്‍ മനസ്സിലാക്കി. സ്ഥലം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട് കോടതി സ്വമേധയാ കേസ് എടുത്തു തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കാനായി രണ്ട് ഘട്ടമായി സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു രേഖകള്‍ ഹാജരാക്കിയവര്‍ക്ക് നഷ്ടപരിഹാരം അവരുടെ ബാങ്ക് അക്കൗണ്ടിലും എത്തി. രേഖകള്‍ ഹാജരാക്കാത്ത സ്ഥലം ഉടമകളില്‍ ചിലരുടെ നഷ്ടപരിഹാര തുക രണ്ടാം അഡിഷണല്‍ ജില്ലാ കോടതിയുടെ സി.സി.ഡി അക്കൗണ്ടില്‍ തഹസില്‍ദാര്‍ നിക്ഷേപിച്ചിട്ടുണ്ട്.
20 ന് റവന്യൂ വകുപ്പില്‍ നിന്നും സ്ഥലം ഏറ്റെടുത്തതിന്റെ മഹസര്‍ രേഖകള്‍ ജില്ലാ കോടതി ഓഫീസിന് കൈമാറി. സ്ഥലത്തിന്റെ അവാര്‍ഡ് രേഖകളും സബ് ഡിവിഷന്‍ സ്‌കെച്ചും സ്ഥലമെടുപ്പ് തഹസില്‍ദാര്‍ ഔദ്യോഗികമായി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കൈമാറി. ചടങ്ങില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സാം കോശി. സെക്രട്ടറി ടി.എച്ച്. സിറാജുദീന്‍, ട്രഷറര്‍ ജോമോന്‍ കോശി എന്നിവര്‍ പങ്കെടുത്തു.