
കോയിപ്രം: എക്‌സൈസുകാര്‍ക്ക് ഒറ്റിക്കൊടുത്തുവെന്നതിലുള്ള വിരോധം കാരണം വയോധികനെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കോയിപ്രം പോലീസ് പിടികൂടി. നെല്ലിമല വടക്കേക്കാലായില്‍ വീട്ടില്‍ പ്രദീപ് (43) ആണ് അറസ്റ്റിലായത്. ഇയാളുടെ മകനും ഒന്നാം പ്രതിയുമായ വിവേക് ഒളിവിലാണ്.
നെല്ലിമല അടപ്പനാം കണ്ടത്തില്‍ വീട്ടില്‍ മാത്തുക്കുട്ടി എന്നുവിളിക്കുന്ന സാംകുട്ടി എബ്രഹാ(63)മിനാണ് തലയ്ക്കും മുഖത്തും കഴുത്തിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ വീട്ടിലെ ഹാള്‍മുറിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് പ്രതികള്‍ അതിക്രമിച്ചകയറി വടിവാള്‍, കുപ്പിഗ്ലാസ് എന്നിവകൊണ്ട് വെട്ടിയും കുത്തിയും മാരകമായി മുറിവേല്‍പ്പിച്ചത്.
പ്രദീപിനെതിരേ തിരുവല്ല എക്‌സൈസില്‍ കഞ്ചാവ് കേസ് നിലവിലുണ്ട്. പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്. തിരുവല്ല ഡിവൈ.എസ്.പി എസ്. അഷദിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ എസ്.ഐ ഉണ്ണികൃഷ്ണന്‍, എസ്.സി.പി.ഓമാരായ ഷബാന അഹമ്മദ്, ജോബിന്‍, സി.പി.ഓ ബ്ലെസ്സണ്‍ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.