
അടൂര്‍: എം.സി റോഡില്‍ അപകടങ്ങളുടെ ദിനം. രണ്ട് അപകടങ്ങളിലായി ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. നെല്ലിമൂട്ടിപ്പടി ഭാഗത്ത് ടോറസ് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ ഇലിപ്പകുളംവള്ളികുന്നം പള്ളിക്കല്‍ കൊച്ചയ്യത്ത് വീട്ടില്‍, ശിവരാജന്‍ (63) ആണ് മരിച്ചത്. വൈകിട്ട് ആറിന് നെല്ലിമൂട്ടിപ്പടി ട്രാഫിക്ക് ഐലന്‍ഡ് ഭാഗത്തായിരുന്നു അപകടം. ലോറിയില്‍ തട്ടിയതിനെ തുടര്‍ന്ന് വീണ സ്‌കൂട്ടറില്‍ നിന്ന് ശിവരാജന്‍ അടിയില്‍ അകപ്പെട്ടു. ലോറിയുടെ പിന്‍ചക്രം കയറിയാണ് മരണം. ടോറസ് ലോറി ബൈപ്പാസിലൂടെ വന്ന് ടൗണിലേക്ക് തിരിയുമ്പോഴായിരുന്നു അപകടം. ടയറിനടിയില്‍പെട്ടശിവരാജനെ സമീപത്ത് ഉണ്ടായിരുന്ന ട്രാഫിക് എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ടോറസ് ലോറി പുറകോട്ട് നീക്കി പുറത്തെടുക്കുകയായിരുന്നു.
എം.സി റോഡില്‍ മിത്രപുരത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞാണ് രണ്ടാമത്തെ അപകടം. ദമ്പതികള്‍ക്ക് പരുക്കേറ്റു. വെട്ടിയാര്‍ വാലു പറമ്പില്‍ അമല്‍ വില്ലയില്‍ മാത്തുക്കുട്ടി (60), ഭാര്യ സാലിക്കുട്ടി (49) എന്നിവര്‍ ക്കാണ് പരുക്കേറ്റത്. ഇവരെ ജനറലാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാത്തുക്കു ട്ടിയുടെ കാല്‍മുട്ടിനാണ് പരുക്ക്. വൈകിട്ട് 5.30ന് കൊട്ടാരക്കരയില്‍ നിന്നും മാവേലിക്കര വെട്ടിയാറിലേക്ക് പോകവെയാണ് അപകടം.